4:49 AM

(0) Comments

Nannavaruthu please..!!!

kerala friend


നന്നാവരുത് പ്ലീസ് !



ഡീസന്‍റായി ജീവിക്കുക എന്നത് ഒരു ഗതികേടാണ്. സ്ഥിരമായി അലമ്പും അഭിനിവേശങ്ങളുമായി ജീവിക്കുകയും പെട്ടെന്നൊരു ദിവസം ഡീസന്‍റാവുകയും ചെയ്യുന്നതാണ് സ്റ്റൈല്‍. വര്‍ഷങ്ങളായി നടത്തുന്ന കള്ളുകച്ചവടം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചതോടെ ചിറ്റൂര്‍ എം എല്‍ എ കെ അച്യുതന്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. കള്ളു കച്ചവടം നടത്താത്ത, അഴിമതി നടത്താത്ത പാവങ്ങളായ എംഎല്‍എമാര്‍ ഇത്തരണുത്തില്‍ നിര്‍ഗുണന്‍മാര്‍ എന്നു വിശേഷിപ്പിക്കപ്പെടും.
അല്ലെങ്കിലും നന്നാവുന്നവര്‍ക്കാണ് ഇവിടെ മാര്‍ക്കറ്റ്. ഇത്രകാലം തെറ്റുകള്‍ ചെയ്യാതെ ജീവിച്ചവരെ ആരും മൈന്‍ഡ് ചെയ്യില്ല, തെറ്റില്‍ നിന്ന് തിരികെ വരുന്നവര്‍ക്കാണ് ഡിമാന്‍ഡ‍്. അച്യതുന്‍ എംഎല്‍എ പറയുന്നത് തന്നെ ശ്രദ്ധിക്കൂ-” 35 വര്‍ഷമായി തനിക്ക് കള്ളു കച്ചവടമുണ്ട്. എന്നാല്‍, ഇനി മുതല്‍ തനിക്കോ തന്‍റെ കുടുംബത്തിനോ കള്ളു കച്ചവടവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. നാളെ മുതല്‍ തന്‍റെ കുടുംബത്തിലെ ആരുടെയെങ്കിലും പേരില്‍ കള്ളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആരോപണം ഉയരുകയാണെങ്കില്‍ രാഷ്ട്രീയജീവിതം തന്നെ അവസാനിപ്പിക്കാന്‍ താന്‍ തയ്യാറാണ്.എന്തൊരു ആദര്‍ശശുദ്ധി !!
കള്ളുകച്ചവടം നല്ലതല്ല എന്നു കരുതി അത് ചെയ്യാതിരുന്നവര്‍ 35 വര്‍ഷം ഈ കച്ചവടത്തിലൂടെ കാശുണ്ടാക്കിയ അച്യുതന്‍റെ വിശുദ്ധിയുടെ മുന്നില്‍ നിഷ്പ്രഭരാണ്. അതിപ്പോള്‍ ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ചരിത്രത്തിലും മതഗ്രന്ഥങ്ങളിലും സിനിമകളിലും നോവലുകളിലും എല്ലാം ഇതാണ് സ്ഥിതി. എല്ലാത്തിനും പൊതുവായ ഒരു ഫോര്‍മാറ്റുണ്ട്. അതില്‍ നിന്നു വ്യതിചലിച്ചാല്‍ സംഗതി തിരിച്ചടിക്കുകയും ചെയ്യും.
എംഎല്‍എമാരുടെ കാര്യത്തില്‍ മാത്രമല്ല, എല്ലാവര്‍ക്കും ഇത് ബാധകമാണ്. നിങ്ങള്‍ കള്ളു കുടിക്കുന്നില്ല, പെണ്ണു പിടിക്കുന്നില്ല, ബിഡി-സിഗരറ്റ്-ചുരുട്ട്-പൈപ്പ്-കഞ്ചാവ്-ചരസ് ഇത്യാദി വലിച്ചു കയറ്റുന്നില്ല, മുറുക്കുന്നില്ല, ഹാന്‍സ്-ശംഭു വയ്‍ക്കുന്നില്ല, തുണ്ടുപടം കാണുന്നില്ല- നിങ്ങള്‍ കൊഴപ്പമില്ലാത്ത പയ്യന്‍ എന്നു വിശേഷിപ്പിക്കപ്പെടും. കൂലങ്കഷമായ പരിശോധനയില്‍ ഇതൊന്നുമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഗുരുതരമായ എന്തോ ശേഷിക്കുറവുണ്ടെന്ന് സമൂഹം തന്നെ സംശയിക്കും, ചിലയവസരങ്ങളില്‍ പ്രകടിപ്പിക്കുകയും ചെയ്യും.
നിങ്ങള്‍ വിവാഹം കഴിക്കുന്നെന്നു കരുതുക. ഉപദ്രവകാരിയല്ലാത്ത സൗമന്യനായ നിങ്ങളെ പേടിച്ച് ഭാര്യ ഉറങ്ങാതിരിക്കേണ്ടതില്ല, നിങ്ങളെക്കുറിച്ചോര്‍ത്ത് ഭാര്യക്ക് ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍, ഭാര്യമാര്‍ക്ക് അത് വലിയ ബുദ്ധിമുട്ടാണ്. അവര്‍ നിങ്ങളെ വീണ്ടും വീണ്ടും നന്നാക്കാന്‍ ശ്രമിക്കും. അടുക്കളജോലികള്‍ മുഴുവന്‍ ചെയ്യിക്കും, ഷോപ്പിങ്ങിനു കൊണ്ടുപോയി വൈകുന്നേരം വരെ പിറകേ നടത്തിക്കും. എവിടെയെങ്കിലും പ്രതിഷേധസ്വരം ഉയര്‍ത്തിയാല്‍ അത് നിങ്ങളുടെ ഏറ്റവും ഗുരുതരമായ തകരാറായി ചിത്രീകരിക്കപ്പെടും. തുടര്‍ന്ന് നിങ്ങളെ നന്നാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ചീത്തയാവാന്‍ താല്‍പര്യമില്ലാത്ത നിങ്ങള്‍ നന്നായിത്തുടങ്ങും. നാലോ അഞ്ചോ കൊല്ലം കൊണ്ട് കറതീര്‍ന്ന ഒരു മണകുണാഞ്ചനായി നിങ്ങളെ മാറ്റുന്നതോടെ അങ്ങേര്‍ക്കൊരു പൗരുഷമില്ല എന്ന് നിങ്ങളെ ഈ പരുവത്തിലാക്കിയ ഭാര്യ തന്നെ സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങും.
അതുകൊണ്ട് മാന്യന്‍മാരും പകല്‍മാന്യന്‍മാരും പ്രത്യേകം ശ്രദ്ധിക്കേണ്ടത് ശരിക്കും നന്നാവണോ എന്ന കാര്യത്തിലാണ്. ഇപ്പോഴത്തെ സെറ്റപ്പ് അനുസരിച്ച് നന്നായി ജീവിക്കുന്നവര്‍ക്കും നന്നാവാനാഗ്രഹിക്കുന്നവര്‍ക്കും ചീത്തയായിപ്പോയവര്‍ക്കുമൊക്കെയുള്ള ഓപ്ഷന്‍സ് ഇവയൊക്കെയാണ്.
1. ആദിമുതല്‍ നല്ലവനായിരിക്കുന്നവന് എന്നേയ്‍ക്കും അങ്ങനെയായി ജീവിക്കാനല്ലാതെ മറ്റൊന്നിനും അനുവാദമില്ല.
2.
ആദിമുതല്‍ നല്ലവനായിരിക്കുന്നവന്‍ എപ്പോഴെങ്കിലും ചീത്തയായാല്‍ പിന്നെയവന്‍ ആദ്യത്തേതിനെക്കാള്‍ നന്നായാലും അംഗീകരിക്കപ്പെടില്ല.
3.
ആദിമുതല്‍ ചീത്തയായിരിക്കുന്നവന്‍ എപ്പോഴെങ്കിലും നന്നാകുമെന്ന പ്രതീക്ഷയില്‍ ലോകം നല്ല കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും.
4.
ആദിമുതല്‍ ചീത്തയായിരിക്കുന്നവന്‍ അധികം താമസിയാതെ നല്ലവനാകുന്നതിനെക്കാള്‍ പ്രശസ്തിയും ആദരവും ലഭിക്കുന്നത് ഏറെക്കാലം ചീത്തയായിരുന്ന ശേഷം അവസാനകാലത്ത് നല്ലവനാകുമ്പോഴാണ്.
5.
ആദിമുതല്‍ ചീത്തയായിരിക്കുന്നവന്‍ നന്നായ ശേഷം എത്ര തവണ പിന്നെയും ചീത്തയായാലും വീണ്ടും നന്നാകുന്നതു കാത്ത് ലോകം ക്ഷമയോടെ കാത്തിരിക്കും.
6.
ഈ നിബന്ധനകളൊന്നും സ്ത്രീകള്‍ക്കു ബാധകമല്ല. അവര്‍ എങ്ങിനെയൊക്കെ ജീവിച്ചാലും അവര്‍ നല്ലവരെന്ന് ആരും ഉറപ്പിച്ചു പറയുകയില്ല. അങ്ങനെ ആരെങ്കിലും ഏതെങ്കിലും സ്ത്രീയെപ്പറ്റി പറഞ്ഞാല്‍ ആ സ്ത്രീയും പറയുന്നവനും തമ്മില്‍ അവിഹിതമുണ്ടെന്ന് ലോകം വിശ്വസിക്കും.
അതുകൊണ്ട് ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ ഒരു തീരുമാനമെടുക്കണം, ചീത്തയാവണോ നന്നാവണോ ? നന്നായാല്‍ പിന്നെ ഒരിക്കലും ചീത്തയാവാന്‍ പറ്റില്ല. പക്ഷെ, ചീത്തയായി എത്രകാലം കഴിഞ്ഞാലും തല്‍സ്ഥിതി തുടരാന്‍ പറ്റില്ലെന്നു തോന്നിയാല്‍ നന്നായി വിശുദ്ധനാവാം. ഇനി പറയൂ, ഞാന്‍ ചീത്തയാവാതിരുന്നത് കഷ്ടമായിപ്പോയില്ലേ ?
Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget