3:13 AM

(0) Comments

Sookshikanam..ningal sundariyanu

kerala friend




Health and Beauty Tip


സൂക്ഷിക്കണം; നിങ്ങള് സുന്ദരിയാണ്!

വെറുതെ ആഹാരം ഉപേക്ഷിക്കലല്ല ഡയറ്റിങ്. അതെങ്ങനെ
വേണമെന്ന് വിദഗ്ധര്‍ പറയുന്നത് ശ്രദ്ധിക്കാം

Health and Beauty Tip

ഇത് വായിച്ചുതുടങ്ങാന്‍ വരട്ടെ, പറയൂ, നിങ്ങള്‍ സുന്ദരിയാണോ? വേണമെന്നില്ല, സുന്ദരിയാകണമെന്ന തീരാക്കൊതി ഉള്ളിലുള്ള പെണ്‍കുട്ടിയാണോ. ആലിലവയറ് ലഭിക്കാനായി ആഹാരം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവളാണോ നിങ്ങള്‍!
എങ്കില്‍ തുടര്‍ന്ന് വായിച്ചോളൂ. വലിയ പ്രയോജനം ചെയ്യും; വലിയ പാഠങ്ങളും പകരാനായേക്കും.

ഡയറ്റിങ് എന്ന വാക്ക് നിങ്ങളോട് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നിങ്ങളുടെ ശരീരഭാഷയില്‍ അടിമുടി ആ വാക്ക് ഉണ്ട്. അന്നാഹാരം ഉപേക്ഷിക്കേണ്ടത്ര ദാരിദ്ര്യമൊന്നും നിങ്ങള്‍ക്കില്ലെങ്കിലും'ഡയറ്റിങ്' വിട്ട് നിങ്ങള്‍ക്കൊരു കളിയില്ല. പക്ഷേ, അതിന്റെ പേരില്‍ നിങ്ങളീച്ചെയ്യുന്നതെല്ലാം നന്നോ? ഒന്ന് മനസ്സിരുത്തിച്ചിന്തിക്കാലോ!


ഡയറ്റിങ്-തെറ്റും ശരിയും

ചളുപിളുന്നനെയുള്ള ശരീരം നിങ്ങളെന്നല്ല ആരും ആഗ്രഹിക്കുന്നില്ല. ഒന്ന് നന്നായി വെട്ടിയൊതുക്കിയ ദേഹം-അത്രയ്‌ക്കേ വേണ്ടൂ. പക്ഷേ, അതില്‍ ഒതുങ്ങില്ല നിങ്ങള്‍. തടി കുറച്ചു കുറച്ചു കുറച്ച്, മെലിഞ്ഞു മെലിഞ്ഞ് കൊലുന്നനെയുള്ള സുന്ദരിയാകണം. സിനിമയിലും ടെലിവിഷനിലും ഒരുപാട് രൂപമാതൃകകള്‍ ഉണ്ടല്ലോ. ചെറുപ്രായത്തിലേ ചിലര്‍ തുടങ്ങും ആഹാരനിയന്ത്രണം. തടി കൂടുന്നുണ്ടെങ്കില്‍മാത്രം കുറച്ചാല്‍ പോരേ? അതല്ല സംഭവിക്കാറ്. ഭാവിയില്‍ വണ്ണംവെക്കാതിരിക്കാന്‍ ചുമ്മാ അങ്ങ് തുടങ്ങുകയാണ് പട്ടിണി കിടക്കല്‍. രാവിലെയോ രാത്രിയിലോ ഭക്ഷണം തീരെ ഒഴിവാക്കും.

ഉച്ചയ്ക്ക് വല്ല ഫാസ്റ്റ് ഫുഡോ കോളയോ ഒക്കെ 'ലൈറ്റ്' ആയി അകത്താക്കും.
കൈയിലിരിക്കുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നപോലെയാണീ പരിപാടി. വണ്ണം കുറയ്ക്കാനെന്ന പേരില്‍ സാധാരണ ഭക്ഷണം ഉപേക്ഷിച്ച് കോളയുടേയും ഫാസ്റ്റ് ഫുഡിന്റേയും പിറകെ പോകുന്നവര്‍ ഓര്‍ക്കുക, ഇവയിലെ പൂരിത കൊഴുപ്പുകളും ഗ്ലൂക്കോസുമൊക്കെ നിങ്ങളുടെ ശരീരഭാരം കൂട്ടുകയാണ് ചെയ്യുക. നേര്‍ വിപരീതഫലം.

മനസ്സിലാകുന്നുണ്ടോ നിങ്ങള്‍ക്ക്, 'ഡയറ്റിങ്' എങ്ങനെ വേണമെന്ന് നിങ്ങള്‍ക്കറിയില്ല. വെറുതെ ആഹാരം ഉപേക്ഷിക്കലല്ല 'ഡയറ്റിങ്.' അങ്ങനെ ചെയ്താല്‍ ഫലം പോഷകാംശക്കുറവു മൂലമുള്ള മാനസിക, ശാരീരിക വൈകല്യങ്ങളാണ്. അമിതമായ ഡയറ്റിങ് നിങ്ങള്‍ക്ക് തരുന്ന രോഗങ്ങള്‍ എന്തെന്നറിയാമോ? അറിയണം.


അനോരക്‌സിയ

അനോരക്‌സിയ ബാധിച്ച ആള്‍ ഒരാഴ്ചകൊണ്ട് ഒന്നര കിലോഗ്രാം വരെ തൂക്കം വര്‍ധിപ്പിച്ചേ മതിയാവൂ. പ്രത്യേക ആഹാരക്രമം ഇതിനാവശ്യമാണ്.

യാവ്വനത്തെ വല്ലാതെ താറുമാറാക്കുന്ന രോഗാവസ്ഥയാണിതെന്ന് പറയുമ്പോള്‍ മൂക്കത്ത് വിരല്‍വെക്കുകയൊന്നും വേണ്ട. ഇനിപ്പറയുന്നതുകൂടി വായിച്ചാല്‍ കാര്യം വ്യക്തമാകും. ശരീരാകൃതി പോയ്‌പ്പോകുമോന്നു പേടിച്ച് ആഹാരം പരമാവധി കുറയ്ക്കുക മാത്രമല്ല നന്നായി വ്യായാമം ചെയ്യാനും മുതിരും 'താരവ്യാമോഹ'ങ്ങളില്‍ വീണ പെണ്‍കുട്ടികള്‍. ദേഹത്ത് ഒരു നുള്ളിന് മാംസം ഇല്ലെങ്കിലും ഇവര്‍ക്ക് ശരീരഭാരപ്പേടിയാണ്. കുറച്ചു ശ്രദ്ധിച്ചാല്‍ ഈ അസുഖക്കാരെ രഹസ്യമായി തിരിച്ചറിയാം.


ഇവര്‍ മറ്റുള്ളവരെ ഊട്ടും, പക്ഷേ, ഒപ്പമിരുന്ന് ആഹാരം കഴിക്കാതെ ഒഴിഞ്ഞു മാറും.
ഒരുമിച്ച് ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചാല്‍ ദേഷ്യപ്പെടല്‍ പതിവാകും.
ശരീരഭാരം കൂടുന്നതിനെപ്പറ്റി സദാ സമയവും വേവലാതിപ്പെട്ടുകൊണ്ടിരിക്കും.
ഇടയ്ക്കിടെ തലകറക്കവും തലവേദനയും ഇവര്‍ക്കുണ്ടാവും.

ആര്‍ത്തവ ക്രമക്കേടുകള്‍ മുതല്‍.... എന്തെല്ലാം പുലിവാലുകളാണെന്നോ ഈ രോഗമുണ്ടാക്കുക. ക്രമം തെറ്റുന്ന ആര്‍ത്തവം തൊട്ട് ഓസ്റ്റിയോ പൊറോസിസ് വരെ. ഹോര്‍മോണ്‍ തകരാറുകള്‍തൊട്ട് ആത്മഹത്യാ പ്രവണത ഉള്‍പ്പെടെയുള്ള മാനസിക പ്രശ്‌നങ്ങള്‍ വരെ.
തീര്‍ന്നില്ല; പട്ടിക നീളമുള്ളതാണ്.

1. മുടിയുടെ കട്ടി കുറയും.
2. മലബന്ധം പതിവാകും
3. പല്ലുകള്‍ക്ക് കേടുപാടുകള്‍ വരും.
4. നഖം, തൊലി ഇവയുടെ ആരോഗ്യത്തെ ബാധിക്കും.
5. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
6. ശരീരത്തില്‍ ഫോസ്‌ഫേറ്റിന്റെ അളവ് കുറയും.
7. പ്രതിരോധശക്തി പൊതുവെ കുറയും.
8. മസിലുകള്‍ക്ക് ബലക്കുറവ് സംഭവിക്കും.
9. പതിവായി തലവേദന.

ഇത്രയുംതന്നെ പോരേ! വരട്ടെ, മാനസികമായ ആഘാതങ്ങളും ചെറുതല്ല ഇക്കൂട്ടരില്‍. ഒബ്‌സസീവ് കംബല്‍സീവ് ഡിസോഡര്‍ (ഒ.സി.ഡി) എന്ന അവസ്ഥ, അപകര്‍ഷതാബോധം, ഡിപ്രഷന്‍, ആത്മവിശ്വാസക്കുറവ്.... അങ്ങനെ പോകുന്നു. ചിലര്‍ ആത്മഹത്യാപ്രവണത കാണിക്കാറുമുണ്ടത്രേ. മനഃശാസ്ത്രജ്ഞന്റെ സഹായംകൊണ്ടേ ഇത്തരം രോഗിയെ സാധാരണ മാനസികാവസ്ഥയിലെത്തിക്കാനാവൂ.


ബുലൂമിയ

അമിത ഡയറ്റിങ് പറ്റിക്കുന്ന മറ്റൊരു രോഗാവസ്ഥയാണിത്; അതേ സമയം ഏറെ വിചിത്രവും. ഈ അവസ്ഥയ്ക്കടിമയായ പെണ്‍കുട്ടികള്‍ പട്ടിണി കിടക്കില്ല. ഇടയ്ക്കിടെ കഴിക്കും. പക്ഷേ, ആഹാരം ദഹിച്ച് ശരീരത്തില്‍ പിടിക്കാനൊന്നും ഇവര്‍ സമ്മതിക്കില്ല. തൊണ്ടയില്‍ കൈ കടത്തിയോ, മരുന്നു കഴിച്ചോ അകത്താക്കിയ ആഹാരം മുഴുവന്‍ ഛര്‍ദിച്ചുകളയും!
ഇവര്‍ക്ക് വിശപ്പുണ്ടാകില്ല, തൂക്കക്കുറവും കാണില്ല. പക്ഷേ, പിറകെ വരുന്നുണ്ടാവും മറ്റു പലതും. കുറച്ചെണ്ണം മാത്രം പറയാം.

1. അള്‍സര്‍
2. വിളര്‍ച്ച
3. ഉറക്കമില്ലായ്മ
4. പ്രമേഹം
5. അസ്ഥിസ്രാവം
6. വാതം
7. പോഷകാഹാരക്കുറവ്
8. പാന്‍ക്രിയാറ്റൈറ്റിസ്
9. ഡിപ്രഷന്‍

എല്ലാം സാധ്യതകളാണെന്ന് വെറുതെ പുച്ഛിച്ചുതള്ളുന്നവരോട് ഒന്നേ പറയാനുള്ളുവല്ലോ-കണ്ടറിഞ്ഞില്ലെങ്കില്‍ കൊണ്ടറിഞ്ഞോളും.
അനോരക്‌സിയ നന്നായി ബാധിച്ച ഒരാള്‍ ഒരാഴ്ചകൊണ്ട് ഒന്നര കിലോഗ്രാം വരെ തൂക്കം വര്‍ധിപ്പിച്ചേ മതിയാവൂ. 3500 കലോറി ഊര്‍ജമെങ്കിലും ലഭിച്ചിരിക്കണം ഓരോ ദിവസവും. പ്രത്യേക ആഹാരക്രമം ഇതിനാവശ്യമാണ്.

സിനിമയും ടെലിവിഷനും നമ്മളെ ഇന്നു വല്ലാതെ സ്വാധീനിക്കുന്നു. പക്ഷേ, എത്രവരെ പോകണം, എവിടെ നിര്‍ത്തണം എന്ന് നമ്മള്‍ തന്നെയല്ലേ തീരുമാനിക്കേണ്ടത്. എത്രയോ വൈവിധ്യമുള്ളതല്ലേ ഓരോരുത്തരുടേയും സൗന്ദര്യവും ശരീരവും. അതൊക്കെ ടീവീല് കണ്ട താരത്തിന്റേതുപോലെയാക്കലല്ല ശരിയായ രീതിയെന്ന് തിരിച്ചറിയുകയാണ് കൃത്യമായ പ്രതിവിധി. മനോഹരിയാകാന്‍ നോക്കിയിട്ട് മാറാരോഗിയായി മാറുന്നതിനേക്കാള്‍ എത്രയോ നല്ലതല്ലേ ജന്മംകൊണ്ട് നമ്മളില്‍ നിറഞ്ഞ നൈസര്‍ഗികതയുടെ സൗഭാഗ്യങ്ങള്‍ നിറംമങ്ങാതെ സൂക്ഷിക്കല്‍.

ഇണയുടെ സൗന്ദര്യസങ്കല്പം പലര്‍ക്കും പലതല്ലേ. ചിലര്‍ക്ക് തടിച്ചവരെ, ചിലര്‍ക്ക് മെലിഞ്ഞവരെ. ചിലര്‍ക്ക് കറുപ്പിനെ, ചിലര്‍ക്ക് വെളുപ്പിനെ... അങ്ങനെ ചിന്തിച്ചാല്‍ പട്ടിണി കിടക്കാന്‍ ഒരുങ്ങുന്ന പാവാടക്കാരികളേ, നിങ്ങള്‍ക്ക് പിന്മാറാന്‍ ബുദ്ധിതെളിയും.
അതുകൊണ്ട്, ഒരു കാര്യം കൂടി ചെയ്യാം. സുന്ദരിമാരാകാന്‍ കൊതിക്കുന്നവര്‍ മാത്രമല്ല അവരുടെ തന്തതള്ളമാരും ഇതൊന്ന് വായിക്ക്. എന്നിട്ട് ചെറുതായൊന്നു നിരീക്ഷിച്ചുതുടങ്ങ്, തീന്‍മേശയില്‍ എണ്ണം പഠിക്കാനെന്നപോലെ നുള്ളിപ്പെറുക്കി അന്നം അകത്താക്കുന്ന മക്കളെ.
Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget