5:29 AM
Travel Guide: Assamese Allure
kerala friend
Travel Guide: Assamese Allure
Assamese Allure
One of the most seraphic wildlife surroundings in India
മനാസ് നദിയുടെ തലോടലേറ്റ് വനനിബിഢതകളിലൂടെ ഒരു സഞ്ചാരം
കേരം തിങ്ങും കേരള നാട്ടിലെ വഴികളിലൂടെ എന്നതു പോലെയാണ് യാത്ര. കേരളീയ ഗ്രാമങ്ങളുടെ തനി പകര്‍പ്പ്. ആസാമിലെ മനാസ് വന്യമൃഗ സങ്കേതത്തിലേക്കുള്ള യാത്ര വൈകാരിക അനുഭൂതിയായി മാറുന്നു. ബ്രഹ്മപുത്രയുടെ പോഷകനദിയായ മനാസിന്റെ പേര് തന്നെയാണ് വന്യമൃഗസങ്കേതത്തിനും നല്‍കിയിട്ടുള്ളത്.
യാത്രയ്ക്കിടയില്‍ 'നാടുകാണുന്ന' പ്രതീതി. ബനിയനും മുണ്ടും ധരിച്ച് നടക്കുന്ന ആസാം സ്വദേശികള്‍. വഴിയരികില്‍ കവുങ്ങും വാഴയും താറാവുകള്‍ നീന്തിതുടിക്കുന്ന കുളങ്ങളും കാണാം. ആസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 145 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മനാസില്‍ എത്താം. ബാര്‍പെറ്റയാണ് മനാസിന് സമീപമുള്ള റെയില്‍വേസ്റ്റേഷന്‍. അവിടെ നിന്ന് സങ്കേതത്തിന്റെ കവാടത്തിലേക്കുള്ള ദൂരം 20 കിലോമീറ്ററാണ്.
സങ്കേതത്തില്‍ പ്രവേശിച്ചാല്‍ ചുറ്റും നീലമലകള്‍ കാണാം. മലനിരകള്‍ക്ക് പച്ചപ്പട്ട് ചുറ്റിനും ചാര്‍ത്തുന്നതു പോലെ മരതകക്കാടുകള്‍ നില്‍ക്കുന്നു. നാല് അടിയോളം പൊങ്ങി നില്‍ക്കുന്ന പുല്ലുകളും കാണാം. നോക്കെത്താ ദൂരത്തില്‍ വ്യാപിച്ച് കിടക്കുന്ന പുല്‍മേടുകളാണ് മനാസിന്റെ പ്രത്യേകത. പ്രകൃതി സ്‌നേഹിക്ക് സങ്കേതത്തിന്റെ അഗാധതയിലേക്ക് പോകാന്‍ നടപ്പാതകള്‍ കാണാം. മേഞ്ഞു നടക്കുന്ന വന്യമൃഗങ്ങളെ എളുപ്പത്തില്‍ കാണാന്‍ കഴിയും. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ടൂറിസ്റ്റ് സീസണ്‍. മഴക്കാലത്ത് ശക്തമായ മഴയും കാറ്റും മനാസിന്റെ ഭൂപ്രകൃതിയെ ആകര്‍ഷമാക്കും.
മാതംഗുരയിലാണ് വനം വകുപ്പിന്റെ റസ്റ്റ് ഹൗസ്. മനാസ് എന്ന പേരുള്ള നദിക്കരയിലെ ഹൃദയഹാരിയായ സ്ഥലം. ഇന്ത്യയേയും ഭൂട്ടാനെയും വേര്‍തിരിക്കുന്ന അതിര്‍ത്തി ഇവിടെയാണ്. നീല നിറമാണ് നദിക്ക്. നദിയുടെ അടിത്തട്ടില്‍ ഉരുളന്‍ പാറക്കല്ലുകള്‍ കാണാം. ബൈനോക്കുലറിലൂടെ നോക്കിയാല്‍ ഭൂട്ടാനിലെ മലനിരകള്‍ കാണാം. നദിക്ക് അക്കരെ നിബിഢവനങ്ങള്‍. ആനക്കൂട്ടങ്ങള്‍ ഉല്ലസിക്കുന്നതിനായി നദിയിലിറങ്ങുക പതിവാണ്. സന്ദര്‍ശകര്‍ക്ക് ആകര്‍ഷകമാണ് ഈ കാഴ്ച്ച.
ജൈവ വൈവിധ്യം കൊണ്ട് ധന്യമാണ് സങ്കേതം. ഇന്ത്യയിലെ പ്രശസ്ത കടുവാസങ്കേതങ്ങളില്‍ ഒന്നാണ് മനാസ്. ഏറ്റവും ഒടുവിലത്തെ സെന്‍സസ് പ്രകാരം 64 കടുവകള്‍ ഉണ്ട്. രണ്‍തംഭോറിലും (രാജസ്ഥാന്‍) ബാന്ധവ്ഗഡിലും (മധ്യപ്രദേശ്) കടുവകളെ കാണുന്നത് പോലെ മനാസില്‍ സാധ്യമായെന്ന് വരില്ല. എങ്കിലും കടുവകളുടെ സാന്നിധ്യം സന്ദര്‍ശകര്‍ക്ക് അനുഭവിക്കാം
ആനയും കടുവയും കാട്ടുപോത്തുമാണ് മനാസിലെ സ്ഥിരം കാഴ്ച്ച. ഗോള്‍ഡന്‍ ലങ്കൂര്‍ (കഴുത്തില്‍ സ്വര്‍ണ നിറത്തിലുള്ള രോമമുള്ള കുരങ്ങ്) ലോകമെങ്ങുമുള്ള വന്യജീവി ഫോട്ടോഗ്രാഫര്‍മാരെ ആകര്‍ഷിക്കുന്നു. വേഴാമ്പലുകളും മനാസിനെ ധന്യമാക്കും. ആകെ 312 ഇനം പക്ഷികള്‍ ഇവിടെയുണ്ട്. 1980-90 ലെ ബോഡോ കലാപം മനാസിലെ നൂറ് കണക്കിന് വന്യമൃഗങ്ങളുടെ കഥ കഴിച്ചു. വന്യമൃഗസങ്കേതം ഇപ്പോള്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുന്നു. യുനെസ്‌കോ വിലയിരുത്തലില്‍ മനാസ് പൈതൃക സ്വത്താണ്. ഭൂട്ടാനിലെ റോയല്‍ മനാസ് വന്യമൃഗസങ്കേതവുമായി തോളോട്‌തോളുരുമ്മി നില്‍ക്കുന്നതാണ് ആസാമിലെ ഈ ധന്യമായ ജൈവമേഖല.