11:12 PM

(0) Comments

Funny Malayalam story: Aanthappa thirichu varoo

kerala friend

അന്തപ്പാ തിരിച്ചു വരൂ.. അപ്പന് മാപ്പ് തരൂ..

ദുബായിലെവിടെയോ പൊരിവെയിലത്ത്‌ കഷ്ടപ്പെടുന്ന എന്റെ പൊന്നുമോന്‍ അന്തപ്പന്‍ അറിയുന്നതിനായി അപ്പന്‍ പോളച്ചന്‍ എഴുത്ത്‌,

ലോകത്ത്‌ ഒരപ്പനും സ്വന്തം മകന് ഇങ്ങനെ ഒരു തുറന്ന കത്ത് പത്രത്തില്‍ പരസ്യം ചെയ്യേണ്ട ഗതികേട് ഉണ്ടായിട്ടുണ്ടാവില്ല എന്ന് നല്ല ബോധ്യം ഉണ്ട്. എങ്കിലും, കൃത്യമായ അഡ്രെസ്സ് ഇല്ലാതെ ഞാന്‍ മറ്റെന്തു ചെയ്യാനാ..? വി.ടി അന്തപ്പന്‍, വലിയ തുറക്കല്‍ (വീട്), അരളിമല (പോസ്റ്റ്‌) കോട്ടയം (ജില്ല) എന്ന സ്വന്തമായ വിലാസം കളഞ്ഞു കുളിച്ചു കടലിനക്കരെ, മരുഭൂമിയില്‍ കോള കാനും പെറുക്കി ജീവിതം തുലക്കാന്‍ ഇടയാക്കിയ ഇടയാളന്‍ ഈ അപ്പനായി പോയല്ലോ എന്ന ആധിയോടെ ആണ് ഈ കത്ത് എഴുതുന്നത്.

പോത്ത്‌ വരട്ടിയതും പൂളയും ഒന്നിച്ചിരുന്നു കഴിച്ചു കൊണ്ടിരിക്കേ ആയിരുന്നു ടിവിയില്‍ ആ നശിച്ച പരസ്യം കണ്ടതെന്ന് അപ്പനിന്നും ഓര്‍ക്കുന്നു. നിന്റെ അമ്മച്ചിയും അന്ന് ലിഫ്റ്റ്‌ ടെക്നോളജി പഠിക്കാനയക്കുന്നതില്‍ എതിരഭിപ്രായം പറഞ്ഞില്ലെന്നത് നിനക്കും അറിയാമല്ലോ. ജോര്‍ജ്ജിന്റെ മകനും അവിടെയാണ് പഠിച്ചത്‌ എന്ന് ഞായറാഴ്ച പള്ളിയില്‍ വെച്ച് ത്രേസ്യ പറഞ്ഞ വിവരം അവള്‍ക്കും പ്രചോദനമായിട്ടുണ്ടാവാം. അവളെ കുറ്റം പറയാന്‍ പറ്റ്വോ അന്തപ്പാ..? അന്ന് വരെ പള്ളിയില്‍ നടന്നു വന്ന ത്രേസ്യ അന്ന് വന്നിറങ്ങിയത് പുതുപുത്തന്‍ മാരുതിയിലായിരുന്നുവെന്നു അമ്മച്ചി പറയുന്നത് നീയും കേട്ടതല്ലയോ..? മാരുതിയൊന്നും വാങ്ങിയില്ലെങ്കിലും, മഴ പെയ്താല്‍ ചോരുന്ന നമ്മുടെ വീടിന്റെ അടുക്കള ഭാഗമെങ്കിലും ഒന്ന് മാറ്റിപ്പണിയണം എന്ന് അവളാഗ്രഹിച്ചു പോയെങ്കില്‍ അതത്ര വലിയ പാപമൊന്നുമല്ലല്ലോ..

നിന്‍റെ ആദ്യത്തെ കത്ത് കിട്ടിയ ശേഷം അടുത്ത വീട്ടില്‍ ഉണക്കാനിട്ട റബ്ബര്‍ ഷീറ്റ് കാണുമ്പോഴെല്ലാം നിന്‍റെ അമ്മച്ചി കരച്ചിലോടു കരച്ചിലാണ്. അത് കാണുമ്പോള്‍ അവള്‍ക്കു നീ പറഞ്ഞ 'കുബ്ബൂസ്' ആണത്രേ ഓര്മ വരുന്നത്. പണ്ടൊക്കെ 'വിശ്വസ്ത സ്ഥാപന'ത്തിന്റെ പരസ്യ സമയത്ത് മാത്രം ടീവി ഓഫാക്കാറുള്ള അവള്‍ ഇപ്പോള്‍ ടെക്നോളജിക്കാരുടെ പരസ്യം വന്നാല്‍ പിന്നീട് ഒരാഴ്ച ടീവി തുറക്കാറെ ഇല്ല. ഒരാഴ്ചക്കാലം 'എന്‍റെ മാനസപുത്രി' കാണാതിരിക്കാന്‍ നിന്‍റെ അമ്മച്ചിക്ക് കഴിയുന്നുണ്ടെങ്കില്‍ ആ കമ്പനിക്കാരോട് അവള്‍ക്കുള്ള ദേഷ്യം ഞാന്‍ പറഞ്ഞു തരേണ്ടതില്ലല്ലോ അന്തപ്പാ.

നീ ഏതായാലും ലൂയിയെ പോലെ ആയില്ലല്ലോ എന്നതില്‍ കര്‍ത്താവിനു സ്തോത്രം. അവന്‍ വെയില് കൊണ്ട് പഞ്ചര്‍ ഒട്ടിച്ചു കിട്ടുന്ന കാശിനൊപ്പം എന്തൊക്കെ ബഡായികളാണ് വീട്ടിലേക്കു അയക്കുന്നത്..!! വായില്‍ കൊള്ളാത്ത പേരുകളുള്ള കാറുകളിലാണത്രേ അവന്റെ യാത്ര..! നിന്‍റെ കത്ത് കിട്ടിയപ്പോഴല്ലേ അവന്‍റെ കാറുകളുടെ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌. ഏതായാലും ജോര്‍ജ്ജിനോടും ത്രെസ്യയോടും ഞങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. നമ്മളായിട്ടെന്തിനാ അവരുടെ മനസ്സമാധാനം തകര്‍ക്കുന്നത്, അല്ലെ അന്തപ്പാ..?

നീ എന്താ പറഞ്ഞത്, നിന്‍റെ കത്ത്‌ ഞാന്‍ മറ്റാര്‍ക്കെങ്കിലും കൊടുത്തൂന്നോ? നീ ഇങ്ങനെ ആണോ അപ്പനെ കുറിച്ച് കരുതിയത്‌? കത്ത് വായിച്ച എനിക്ക് ആദ്യം തോന്നിയത്‌ ഞാന്‍ മുമ്പേ പറഞ്ഞ പോലെ വല്ലാത്ത കുറ്റബോധമായിരുന്നു അന്തപ്പാ. അപ്പൊ തന്നെ പള്ളീ പോയി അച്ഛനെ കണ്ടു കുമ്പസാരിക്കാന്‍ ഇറങ്ങിയതാണ്. പള്ളിയിലേക്ക് പോകുംപോഴാ എനിക്ക് മറ്റൊരു കാര്യം ഓര്മ വന്നത്. അമ്പത്‌ രൂപ ഓട്ടോക്ക്‌ കൊടുത്തിട്ടായാലും നമ്മുടെ ടെക്നോളജിക്കാരുടെ ആപ്പീസ്‌ ഒന്ന് ഫയര്‍ ചെയ്തിട്ടു എല്ലാം കൂടി ഒന്നിച്ചു കുമ്പസാരിച്ചാല്‍ മതിയല്ലോ..? നീ പറയാന്‍ കരുതിയതും നിനക്ക് അറിയാന്‍ പാടില്ലാത്തതുമായ സകല തെറികളും പറഞ്ഞ എന്നെ അവര്‍ വെറും കള്ളുകുടിയനാക്കി മോനെ. ഞാന്‍ കള്ളു കുടിച്ചു തലയ്ക്കു വെളിവില്ലാതെ അതുമിതും പറയുകയാണത്രെ. അവിടുത്തെ സേഫ്ടി ഓഫീസര്‍മാര്‍ക്ക് പുറകെ നാട്ടുകാരും എന്നെ കൈകാര്യം ചെയ്യുമെന്ന നില വന്നപ്പോഴാണ് നിന്‍റെ കത്ത് ഞാന്‍‌ നാട്ടുകാര്‍ക്ക് കാട്ടി കൊടുത്തത്‌.. അത് കൊണ്ട് നിന്‍റെ പണി പോകുമെന്ന് ഈ അപ്പന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെടാ.. നീ പറ, ഞാന്‍ ചെയ്തത്‌ തെറ്റാണോ..? അവരില്‍ പെട്ട ഏതോ തല തെറിച്ചവന്മാര് ഇന്റര്‍നെറ്റ്‌ വഴി ആ കത്ത് ലോകം മുഴുവന്‍ എത്തിക്കുമെന്നോ, ആ കുരുത്തംകെട്ട കഴുത്തില്‍ കുരുക്കിട്ട ആപ്പീസര്‍ നേരെ ദുബായിലേക്ക് നിന്‍റെ പാക്കിസ്ഥാനിയെ വിളിച്ചു പറയുമെന്നോ എനിക്കറിയില്ലായിരുന്നു അന്തപ്പാ. ഈ അപ്പന്‍ തൊടുന്നെടത്തല്ലാം എന്താടാ ഇങ്ങനെ..?? എനിക്കൊന്നും അറിയാന്‍ മേലായെ കര്‍ത്താവേ..

നീ എന്നാത്തിനാ ഇങ്ങനെ ഒക്കെ അവിടെ കിടക്കുന്നെ..? നിന്നെ ആട്ടുവേം തുപ്പുവേം ചെയ്താ പഴയ മാനേജരെ വെറുതെ വിടരുത്‌. ആ പന്ന പാക്കിസ്താനിയുടെ കരണത്തിട്ട് ഇടത്തെ കൈ കൊണ്ട് ഒന്ന് പൊട്ടിച്ചു ഇങ്ങു കയറിപ്പോരരുതോ..? വലിയതുറക്കല്‍ക്കാരെ പറ്റി നീ അയാളോട് പറഞ്ഞില്ലേ..? പണ്ട് ഇംഗ്ലീഷ് സയവിന്റെ വയറ്റിലേക്ക് കാലന്‍കുട കുത്തിക്കയറ്റിയ വല്യപ്പനെ കുറിച്ച് നേരംകിട്ടുമ്പോള്‍ നീയൊന്നു പറഞ്ഞു കൊട്. രണ്ടാമത്തെ കത്ത് വായിച്ച ഉടനെ എന്‍റെ ബീപി ഇരുന്നുറ്റംപതും കഴിഞ്ഞു മേലോട്ട് പോയില്ലായിരുന്നെങ്കില്‍ ആ ലിഫ്ടുകാരുടെ സേഫ്ടി ഞാന്‍ തകര്‍ത്തേനെ.. കത്ത് വായിച്ച് തളര്‍ന്നു വീണ ഞാന്‍ ആശുപത്രി വിടുന്നത് ഇന്നാണ്.

വീട് പണയത്തെ കുറിച്ച് ആലോചിച്ച് പാട്ട പെറുക്കാന്‍ നീ നില്‍ക്കേണ്ട മോനെ. നിന്‍റെ അമ്മയുടെ വകയിലുള്ള കുരിശു പള്ളിക്കടുത്തെ ഇരുപത്തിമൂന്ന് സെന്റ്‌ നമുക്കങ്ങു വില്‍ക്കാം. ഇപ്പൊ പുത്തന്‍ ഗള്‍ഫുകാര് ചോദിക്കുന്ന കാശിനു സ്ഥലം വാങ്ങുന്നുണ്ട് എന്ന് കറിയാച്ചന്‍ പറയുന്നത് കേട്ടു. നമ്മുടെ എമ്പസിയെ നേരിട്ട് സമീപിച്ചാല്‍ തിരിച്ചു പോരാനുള്ള വഴി ഉണ്ടാക്കി തരും എന്നും കറിയാച്ചന്‍ പറഞ്ഞു. നീ ഇത് കാര്യമായെടുക്കണം.

പിന്നെ, ഒരു പ്രധാന കാര്യം പറയാന്‍ മറന്നു. ആ ടെക്നോളജിക്കാര്‍ക്കെതിരെ ഇവിടുത്തെ സ്കൂളില്‍ പോകാത്ത യൂണിയന്‍കാര്‍ സമരം തുടങ്ങിയിട്ടുണ്ട്. നിന്‍റെ കത്ത്‌ പരസ്യമായതിനു ശേഷം യൂണിയനില്‍ ചേരാന്‍ ലിഫ്ട് ടെക്നോളജിക്കാരുടെ പ്രളയമാണത്രെ. ഈ പോക്ക് പോവുകയാണെങ്കില്‍ ഭാവിയില്‍ യൂണിയനില്‍ പഠിപ്പില്ലാത്തവര്‍ക്ക് മെംബെര്‍ഷിപ്‌ കിട്ടില്ലത്രെ..!! അതുകൊണ്ട് ടെക്നോളജിക്കാരുടെ സേഫ്ടി യൂനിയന്ക്കാര്‍ നോക്കിക്കൊള്ളും.

നിന്‍റെ രണ്ടാമത്തെ കത്ത് കിട്ടിയ ശേഷം അമ്മച്ചി കിടക്കയില്‍ നിന്നും എണീറ്റിട്ടില്ല. അടുത്ത മാസം അലവിക്കാടെ വീട്ടില്‍ വിളിക്കുന്നത് കാത്തിരിക്കാന്‍ പറ്റാത്തതിനാലാണ് ഇത്തരം ഒരു സാഹസത്തിന് ഒരുങ്ങിയത്. അപ്പനെയും അമ്മച്ചിയേയും ഇനിയും തീ തീറ്റിക്കാതെ പൊന്നുമോന്‍ ഇങ്ങു പോരണം. എവിടെയെങ്കിലും വെച്ച് നീ ഈ പരസ്യം കാണാതിരിക്കില്ല എന്നെനിക്കുറപ്പുണ്ട്. എന്തെങ്കിലും സഹായം വേണമെങ്കില്‍ നമ്മുടെ കറിയാച്ചനെ നീ നേരിട്ട് വിളിക്കുമല്ലോ. കര്‍ത്താവ് നമ്മളെ കൈവിടില്ല.

പ്രാര്‍ഥനയോടെ,
നിന്‍റെ സ്വന്തം അപ്പന്‍.






Funny Malayalam story: Aanthappa thirichu varoo

Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget