10:48 PM

(0) Comments

Malayalam Funny story-Oru Katha

kerala friend

ഡിസംബര്‍ മാസത്തിലെ മഞ്ഞു പെയ്ത പ്രഭാതം . തണുത്ത കൈകളാല്‍ കാറ്റ് മെല്ലെ
തലോടിപ്പോകുന്നു. സുഖമുള്ള കാലാവസ്ഥ. നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ
അവധിക്കാലമാണ്. പ്രത്യേകിച്ചു പണി ഒന്നുമില്ല. പത്രമൊന്നു വിസ്തരിച്ചു
വായിക്കാമെന്നു കരുതി. പൂമുഖത്തെ ചാരുപടിയില്‍ ഇരുന്നു. പീഡനക്കഥകള്‍ക്കും
പരസ്യങ്ങള്‍ക്കുമിടയില്‍ വായിക്കാന്‍ കൊള്ളാവുന്നത് വല്ലതുമുണ്ടോ എന്ന്
പരതുന്നതിനിടയിലാണ് സന മോള്‍ ചാരുപടിയില്‍ വലിഞ്ഞു കയറി അടുത്തെത്തിയത്.
പത്രം വായന പിടിച്ചില്ലെന്നു തോന്നുന്നു. അവള്‍ പത്രത്തില്‍ പിടികൂടി .
ഇനി വായന നടക്കുമെന്ന് തോന്നുന്നില്ല . പത്രം മാറ്റി വെച്ച് ഞാന്‍
ചോദിച്ചു.

"എന്താ മോളൂ..."

ഒരു ബാലരമ പുസ്തകം കയ്യിലുണ്ട്. അവളുടെ ഇത്താത്തയുടെ കളക്ഷനില്‍ നിന്നും
അടിച്ചു മാറ്റി കൊണ്ട് വരുന്നതാണ്. അതിന്‍റെ പേരില്‍ അടി പിടിയും
സാധാരണയാണ്. മിന്നു ആറാം ക്ലാസില്‍ പഠിക്കുന്നു . സനക്ക് മൂന്നു വയസ്സ്
തികഞ്ഞിട്ടില്ല. വഴക്കുണ്ടായാല്‍ തീരുമാനം എപ്പോഴും സന മോള്‍ക്ക്
അനുകൂലമാകും. ആ ആനുകൂല്യത്തിലാണ് ഈ "അടിച്ചു മാറ്റല്‍". പക്ഷെ ഇപ്പൊ
പ്രശ്നം അതല്ല. മൂഡ്‌ അത്ര ശരിയല്ല. കണ്ടിട്ട് ഇഞ്ചി തിന്ന പോലെയുണ്ട്. കുഞ്ഞു
മുഖത്തിനു വല്ലാത്തൊരു പുളിപ്പ്.
എന്താ വാവേ. ഞാന്‍ പ്രശ്നം ഏറ്റെടുക്കാന്‍ തീരുമാനിച്ചു

“ഹും... ഇതാ ബാലാമ.....അവള്‍ ബാലരമ എന്‍റെ നേര്‍ക്ക് നീട്ടി.

അപ്പൊ അതാണ്‌ പ്രശ്നം. ഞാന്‍ ബാലരമയിലെ കഥ വായിച്ചു കൊടുക്കണം. ഒരു
കണക്കിന് ഇപ്പോഴത്തെ പത്രം വായിക്കുന്നതിലും നല്ലത് ഇതാണ്. പുസ്തകം വാങ്ങി
പേജുകള്‍ മറിച്ചു നോകി.
ഏതു കഥയാണ്‌ മോളൂനു വേണ്ടത് ?

“ഇത്....ഈ കഥ ”. ആനയുടെ വലിയൊരു പടമുള്ള പേജു കാണിച്ചിട്ട്‌ അവള്‍ പറഞ്ഞു

കഥ വായിക്കുന്നതിനു കൂലിയായി ഒരു ഉമ്മ ഞാന്‍ ആദ്യം തന്നെ വാങ്ങിച്ചു. വളരെ
അപൂര്‍വമായേ അതൊക്കെ എനിക്ക് കിട്ടാറുള്ളൂ. ആഴ്ചകളുടെ പരിചയം മാത്രമേ
ഞങ്ങള്‍ തമ്മിലുള്ളൂ. ഞാന്‍ വായന തുടങ്ങി.

"ഒരു കാട്ടില്‍ അപ്പു എന്ന് പേരുള്ള ഒരു ആന ഉണ്ടായിരുന്നു. ആനയും മുയലും
കൂട്ടുകാരായിരുന്നു ...."

അങ്ങനല്ല..........!! അവള്‍ ഇടപെട്ടു. വായന ശരിയായില്ലെന്ന് തോന്നുന്നു.
പിന്നെങ്ങനാ. ? ഞാന്‍ ചോദിച്ചു. മോള് കാണിച്ചു തന്ന കഥയല്ലേ വായിച്ചത് ?.
അതല്ലാ........പാതി കരച്ചിലോടെയാണ് ഇത്തവണത്തെ മറുപടി. പ്രശ്നമാണ്. ആദ്യമേ
നല്ല മൂടിലല്ല. അനുസരിച്ചില്ലെങ്കില്‍ ഒരു കലാപം ഉറപ്പു. പടച്ചോനെ
രാവിലെത്തന്നെ പണി കിട്ടിയല്ലോന്ന് ഞാനോര്‍ത്തു

"എന്നാല്‍ മോള്‍ക്ക് ഇപ്പ വേറെ കഥ വായിച്ചു തരാം".

ഒരു അനുരന്ജന ശ്രമം എന്ന നിലയില്‍ ഞാന്‍ പറഞ്ഞു.
മാണ്ടാ......( വേണ്ട ).... അതന്നെ മതീ..... അവളുടെ ചിണ്ങ്ങലിനു വോളിയം
കൂടിത്തുടങ്ങി.

“ശരി. ഉപ്പ വായിക്കാം. മോളു കേട്ടോളു” . ഞാന്‍ അല്‍പ്പം നീട്ടിയും
പരത്തിയുമൊക്കെ ഒരു കാഥികന്‍റെ ഭവാഭിനയങ്ങളോടെ വീണ്ടും വായന തുടങ്ങി.

"ഒരു....കാട്ടില്‍..അപ്പു...". ഒരു വരി വായിച്ചു നിര്‍ത്തിയിട്ടു
ഒന്നിടങ്കണ്ണിട്ട് നോക്കി. പക്ഷെ സംഗതി ഏറ്റില്ല.

"അങ്ങനല്ലാ.....ആ കഥ അല്ലാ…." .

കരച്ചില്‍ ഫുള്‍ വോളിയത്തില്‍ ആയി. അവള്‍ നിലത്തു കിടന്നു ഉരുളാന്‍ തുടങ്ങി .
ഇത് ഒരു നടക്കു പോകുന്ന ലക്ഷണമില്ല.
"മോളു കാണിച്ചു തന്ന കഥയല്ലേ ഉപ്പ വായിച്ചത് ?. എന്നാ വേറെ കഥ വായിക്കാം".
എന്‍റെ ക്ഷമ കെട്ടു. എനിക്ക് കുറേശെ ദേഷ്യം വന്നു തുടങ്ങി.
"മാണ്ടാ....... ഉപ്പ വായിക്കണ്ടാ....... "

കരിച്ചില്‍ ശരിക്കും അന്തരീക്ഷ മലിനീകരണമായി.. ഞാന്‍ തോല്‍വി സമ്മതിച്ചു.
പ്രധിഷേധം വക വെക്കാതെ ഒരു വിധത്തില്‍ അവളെ എടുത്തു അടുക്കളയില്‍
എത്തിച്ചു. അവളെ അവളുടെ ഉമ്മയെ ഏല്‍പിച്ചു തടി ഊരുകയാണ് ഉദ്ദേശം.

അടുക്കളയില്‍ മിസ്സിസ് മിന്നുവിനു സ്കൂളില്‍ കൊണ്ട് പോകാനുള്ള ലഞ്ച് റെഡി
ആക്കുന്ന തിരക്കിലാണ്. മോള് വലിയ വായില്‍ നിലവിളിച്ചിട്ടും മാതൃ ഹൃദയം ഒട്ടും
അലിയുന്നില്ല. "ഇനി ഇവളുടെ ചെവിക്കു വല്ല തകരാറും പറ്റിയോ". ?

“ദേ.... ഇതിന്റെ കരച്ചിലൊന്ന് മാറ്റിക്കേ...” ഞാന്‍ പറഞ്ഞു.

ക്രൂരമായ ഒരു നോട്ടമായിരുന്നു മറുപടി . പോലീസുകാരന്‍ പ്രതിയെ നോക്കുന്ന പോലെ.

“ഇന്‍ക്ക്‌ ഒഴിവില്‍ല്യ. അങ്ങോട്ട്‌ എങ്ങോട്ടെങ്കിലും കൊണ്ടുപോയാട്ടെ.” അവള്‍
പറഞ്ഞു.
ഇതെവിടുത്തെ ന്യായം ?. ഒരു മാതാവിന് സ്വന്തം കുഞ്ഞിനെ വേണ്ടെന്നോ ?. ഇനി ഇതിനെ
എന്ത് ചെയ്യും. ?

അപ്പോഴാണ്‌ മിന്നുവിനെ ശ്രദ്ധിച്ചത്. അവള്‍ ടൈംടേബിള്‍ നോക്കി സ്കൂളില്‍
കൊണ്ട് പോകാനുള്ള പുസ്തകങ്ങള്‍ വാരി ചാക്കില്‍ കെട്ടുന്ന തിരക്കിലാണ് . ഒരു
ഐഡിയ കിട്ടി. മിന്നുവിനെ സോപ്പിട്ടാല്‍ രക്ഷപ്പെടാം.

മിന്നു മോളെ ........... ഞാനല്‍പം വാത്സല്യം കൂട്ടി വിളിച്ചു.

ഇനിക്ക് നേരല്‍ല്യ....ബസ്സ് വരാനായി........". പ്രതികരണം വളരെ
പെട്ടെന്നായിരുന്നു.
"പിന്നേ.???. നീ പഠിച്ചിട്ടു നാളെ ഐ എ എസ് എഴുതാന്‍ പോവ്വല്ലേ...". ഞാന്‍
മനസ്സില്‍ പറഞ്ഞു.

മിന്നുവും കൈവിട്ട സ്ഥിതിക്ക് ഞാന്‍ മോളെയും കൊണ്ട് മുറ്റത്തേക്കു ഇറങ്ങി.

കാക്കകളെ അവള്‍ക്ക് ഇഷ്ടമാണ്. അവറ്റകളെ കണ്ടാല്‍ കരച്ചില്‍ നിര്‍ത്തും. പക്ഷെ
മീന്‍കാരന്‍ "കാക്കയെ" അല്ലാതെ ഒരൊറ്റ ഒറിജിനല്‍ കാക്കയും ആ പരിസരത്തൊന്നും
കണ്ടില്ല. മോളുടെ കരച്ചില്‍ വകവെക്കാതെ അല്‍പം മീന്‍ വാങ്ങി ചാരുപടിയുടെ
താഴെ വെച്ചു. അല്ലെങ്കില്‍ അതിനും പിന്നെ ഞാന്‍ തന്നെ ഓടേണ്ടി വരും.

മുറ്റത്തിന്‍റെ ഒരു മൂലയില്‍ മിസ്സിസ് കുറെ ചെടികള്‍ വളര്‍ത്തുന്നുണ്ട്.
വൈകുന്നേരമായാല്‍ നനക്കലും പരിപാലിക്കലുമൊക്കെയായി അവള്‍ പിന്നെ അതിന്‍റെ
പിറകെയാണ്. പൂക്കളോട് മെല്ലെ വര്‍ത്താനം പറയുന്നതൊക്കെ കാണാം. ഒരു പൂവ്
വാടിപ്പോയാല്‍ അവളുടെ മുഖവും വാടും. ഞാന്‍ കളിയാക്കിയാല്‍
"കലാബോധല്‍ല്യാത്തോര്‍ക്ക് അങ്ങനൊക്കെ തോന്നും" എന്നായിരിക്കും മറുപടി.

“പിന്നേ.....പൂക്കളിലല്ലേ മനുഷ്യരുടെ കലാബോധം”. പൂന്തോട്ടം ഉണ്ടാക്കാന്‍
കാശ് ഇത്തിരി പൊടിച്ചതിന്റെ വിഷമം ഞാന്‍ അങ്ങിനെ തീര്‍ക്കും. മോളുടെ
കരച്ചില്‍ മാറ്റാന്‍ ഞാന്‍ പൂക്കളുടെ അടുത്തേക്ക് നീങ്ങി. "ഇത് ഞാന്‍ എപ്പോഴും
കാണുന്നതല്ലേ"...?? എന്ന ഭാവത്തില്‍ കുഞ്ഞു മുഖം തിരിച്ചു. കരച്ചില്‍ ഒരു
കര്‍മ്മം പോലെ നടക്കുന്നുണ്ട്.
"എന്നാല്‍ തുമ്പിയെ പിടിച്ചു തരാം" എന്നായി ഞാന്‍.

"മാണ്ട.......ബാലാമ മതി...." എന്ന് അവളും.
അബദ്ധമായിപ്പോയി. ഇതിനെ അടുക്കളയില്‍ ഇട്ടു ഓടിയാല്‍ മതിയായിരുന്നു എന്ന്
എനിക്ക് തോന്നി
അപ്പോഴാണ്‌ മിന്നു “ഉപ്പാ..റ്റാറ്റ” എന്നും പറഞ്ഞു മുറ്റത്തേക്കു
ഇറങ്ങിയത്‌. സ്കൂളിലേകുള്ള പോക്കാണ്. പത്തു കിലോ ഭാരമുണ്ട് തോളില്‍. ലഞ്ച്
കിറ്റുമൊക്കെയായി വലിയ പത്രാസിലാണ് പോക്ക്.

"ഇന്‍റെ മോളൂനെ നിങ്ങള്‍ മഞ്ഞു കൊള്ളിക്കാണോ" ?. പിറകെ എത്തിയ ഭാര്യയുടെ
ചോദ്യം.

“ഇമ്മാ.... ങ്ഹും....ങ്ഹും....” ഉമ്മയെ കണ്ടതോടെ മോളുടെ കള്ളക്കരച്ചില്‍
പിന്നെയും കൂടി.
"ഉമ്മച്ചീടെ വാവ ഇങ്ങു വന്നെ....ഉപ്പ കാട്ടിയോ മോളൂനെ....?".
മോളെയും എടുത്തു ഒരു അമ്മയുടെ ഗമയോടെ അവള്‍ അകത്തേക്ക് പോയി.

"മോളെ ഞാന്‍ മഞ്ഞു കൊള്ളിച്ചു" എന്ന് പരാതി കേട്ടെങ്കിലും രക്ഷപ്പെട്ട
ആശ്വാസമായിരുന്നു എനിക്ക്. ഇനി സ്വസ്ഥമായി പത്രം വായിക്കാലോ. ഞാന്‍
ഉമ്മറത്തിരുന്നു പത്രം നിവര്‍ത്തി. അപ്പോഴാണ്‌ നേരത്തെ വാങ്ങി വെച്ച മീന്‍
പൊതിയുടെ കാര്യം ഓര്‍മ വന്നത്. അതും എടുത്തു അകത്തേക്ക് നടക്കുമ്പോള്‍
അകത്തു നിന്നും കരച്ചിലിന് പകരം മോളുടെ ചിരി കേള്‍ക്കുന്നു. ഇതെന്തു മായ.
ഇതുവരെ നിര്‍ത്താതെ കരഞ്ഞിരുന്ന കുഞ്ഞാണോ ഈ ചിരിക്കുന്നത് ?.
ബെഡ്റൂമിലിരുന്നു ഉമ്മ മോള്‍ക്ക് ബാലരമ വായിച്ചു കൊടുക്കുന്നു. മോള്
ബെഡ്ഡില്‍ ചമ്രം പടിഞ്ഞിരുന്നു വലിയ ആഹ്ലാദത്തോടെ കഥ കേള്‍ക്കുന്നു.
പൊട്ടിച്ചിരിക്കുന്നു. ഇടയ്ക്കു എഴുന്നേറ്റു ഉമ്മയുടെ കവിളില്‍ മുത്തം
കൊടുക്കുന്നു.

"ഒരു കോഴിയമ്മയും പൂച്ചക്കുട്ടിയും ഉണ്ടായിരുന്നേ.... കോഴിയമ്മ കുഞ്ഞുങ്ങള്‍കു
കഞ്ഞി കൊടുക്ക്വായിരുന്നേ.....അപ്പോഴാണ്‌ തള്ളപൂച്ച അതിലെ
വന്നതേ...!. കഥാ പാത്രങ്ങള്‍ പലതും വന്നു പൊയ്ക്കൊണ്ടിരിക്കുന്നു.
മോള്‍ കഥ കേട്ട് ആര്‍ത്തു ചിരുക്കുന്നു. കയ്യടിക്കുന്നു. ഇത് എന്ത് കഥ ?.
ഞാന്‍ നോക്കുമ്പോള്‍ അതേ ബാലരമ. അതേ ആനയുടെ പടമുള്ള പേജു. പക്ഷെ കഥ പോകുന്നത്
വേറെ വഴിക്കാണ്.
“അപ്പൊ.... തത്തമ്മ... വന്നില്ലേ... ഉമ്മച്ചീ......?”

ഇടയ്ക്കു മോള്‍ സംശയം ചോദിക്കുമ്പോള്‍ കഥ പിന്നെ ആ വഴിക്ക് പോകും.
കഥാപാത്രങ്ങള്‍ പിന്നെയും മാറും !. ഇപ്പോഴാണ് എനിക്കും "കഥ" മനസ്സിലായത്‌.

ആദ്യം എനിക്ക് ചിരി അടക്കാനായില്ല. പിന്നെ അതൊരു നൊമ്പരമായി. ചിലത്
നേടുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്ന വലിയ സൗഭാഗ്യങ്ങള്‍ മനസ്സില്‍ വിഷാദ
ചിന്തകള്‍ ഉണര്‍ത്തി. ആണ്ടില്‍ ഒരിക്കല്‍ കിട്ടുന്ന ഹൃസ്സ്വമായ അവധി
ദിനങ്ങളില്‍ മാത്രം കണ്ടു പിരിയുന്ന എന്റെ കുഞ്ഞുങ്ങളുടെ മനസ്സ് ഞാന്‍
എങ്ങിനെ അറിയും. "ഒരു പക്ഷെ കുഞ്ഞുങ്ങളുടെ മനസ്സ് അമ്മമാര്‍കു മാത്രമേ
മനസ്സിലാകൂ " എന്ന് സമാധാനിക്കുമ്പോഴും വീണ്ടും ഒരു തിരിച്ചു
പോക്കിനെക്കുറിച്ചുള്ള ചിന്ത മനസ്സിനെ അലട്ടിത്തുടങ്ങിയിരുന്നു





Malayalam Funny story-Oru Katha

Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget