10:40 AM
Naadan Kazhikoo, Bhoomiye Rakshikoo…
kerala friend
നാടന്‍ കഴിക്കൂ, ഭൂമിയെ രക്ഷിക്കൂ
പരിസ്ഥിതി, ആഗോളതാപനം തുടങ്ങിയവയൊക്കെ ഇന്നിന്റെ (നാളെയുടെയും) ഗുരുതര വിഷയങ്ങളാണല്ലോ. പരിസ്ഥിതിതകര്‍ച്ചയ്ക്കും ആഗോളതാപനത്തിനും കാരണം മനുഷ്യരുടെ ജീവിത ശൈലിയാണെന്ന് എല്ലാവര്‍ക്കുമറിയാം.
അനുദിനം വര്‍ധിക്കുന്ന ഉപഭോഗവും ആര്‍ഭാടവും ധൂര്‍ത്തും - അതാണ് പരിസ്ഥിതിയെ തകര്‍ക്കുന്നതും ഭൂമിയെ ചൂടുപിടിപ്പിക്കുന്നതും. ഇത് എല്ലാവര്‍ക്കുമറിയാം.ശ്രീബുദ്ധനും മഹാവീരനും മഹര്‍ഷിമാരുമൊക്കെ ഇതു നേരത്തേ പറഞ്ഞിട്ടുളളതാണ്. മോഹങ്ങള്‍ അടക്കുകയും ലളിതജീവിതം നയിക്കുകയും ചെയ്യണമെന്ന് അവരെല്ലാം പറഞ്ഞിട്ടുണ്ട്. പക്ഷേ ആരു കേള്‍ക്കാന്‍
"ചക്ഷുഃശ്രവണ ഗളസ്തമാം ദര്‍ദുരം
ഭക്ഷണത്തിനപേക്ഷിക്കും പോലെ
കാലാഹിന പരിഗ്രസ്തമാലോകവു
മാലോലചേതസാ ഭോഗങ്ങള്‍ തേടുന്നു.""'
അതാണവസ്ഥ. അതിന്റെ ഫലമോ?കൂടുതല്‍ നല്ലതിനും രുചികരമായതിനും വേണ്ടി പരക്കം പാച്ചില്‍. സ്വന്തം തൊടിയിലെ പപ്പായവേണ്ട; അമേരിക്കയില്‍ വാഷിങ്ടണ്‍ സംസ്ഥാനത്തു നിന്നുളള ആപ്പിള്‍ മതി. നാടന്‍ മുന്തിരിങ്ങ പോരാ, സ്പാനിഷ് തന്നെ വേണം. നാടന്‍ മസാലദോശ പോര, ഇറ്റാലിയന്‍ പീസ തന്നെ വേണം.ഇതൊക്കെ പണത്തിന്റെ ഹുങ്കും ധാരാളിത്തവുമാണെന്നു പറഞ്ഞ് ഒഴിയാന്‍ വരട്ടെ. ഈ ഹുങ്കും ധാരാളിത്തവും ആഗോളതാപനത്തിനു കൂടി കാരണമാകുന്നു. കൂടുതല്‍ അകലെനിന്നു സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജം ചരക്കുനീക്കത്തിനായി ചെലവാക്കണം. അതു മനസിലാക്കാന്‍ പ്രത്യേക വൈദഗ്ധ്യമൊന്നും വേണ്ട. അടുത്ത ഗ്രാമത്തിലോ ജില്ലയിലോ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉളളതിന്റെ എത്രയോ മടങ്ങാണ്. അന്യസംസ്ഥാനത്തു നിന്നും സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ വേണ്ട കടുത്തുകൂലി. അതേ അനുപാതത്തില്‍ തന്നെ ഊര്‍ജ്ജ ഉപയോഗവും കൂടുന്നു.
ഇത് -അകലെ നിന്നു ഭക്ഷ്യവസ്തുക്കളും മറ്റും കൊണ്ടുവരുന്നത് - ഒഴിവാക്കാവുന്നതാണ്. ഒഴിവാക്കുമ്പോള്‍ ആഗോളതാപനത്തിനുളള നമ്മുടെ സംഭാവനയും കുറയും. അതുകൊണ്ടു തന്നെ പരിസ്ഥിതിമേഖലയിലെ പുതിയ പ്രവണത മനുഷ്യരുടെ ഭക്ഷണശീലം മാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങളായിരിക്കുന്നു. നാടന്‍വാങ്ങി നാടുനന്നാക്കൂ എന്ന് അടിയന്തരാവസ്ഥയില്‍ (1975-77) ആഹ്വാനം ചെയ്തതുപോലെ നാടന്‍ കഴിക്കൂ ഭൂമിയെ രക്ഷിക്കൂ എന്ന ആഹ്വാനം ഉയരുന്നു. അതിനൊരു പദവും ഉണ്ടാക്കി Locavorsim. പ്രാദേശികഉത്പന്നങ്ങള്‍ ഭക്ഷിക്കല്‍. അതു ചെയ്യുന്നവരെ നാടന്‍തീറ്റക്കാര്‍ എന്നോ, തദ്ദേശിഭുക്ക് (Locavore) എന്നോ പറയാം. (മാംസഭൂക്കും സസ്യഭൂക്കും പോലെ). ഇങ്ങനെ തദ്ദേശിഭുക്കായാല്‍ ആഗോളതാപനം കുറയ്ക്കാന്‍ തന്റെ സംഭാവനയും നല്‍കി എന്ന് ഓരോരുത്തര്‍ക്കും അവകാശപ്പെടാം.
ഭൂരിപക്ഷം പേരോ ഗണ്യമായ സംഖ്യ ജനങ്ങളോ ഇപ്രകാരം തദ്ദേശിഭുക്കുകളായാല്‍ ഉണ്ടാകുന്ന മാനുഷികഭവിഷ്യത്തിനെപ്പറ്റി തത്ക്കാലം പരിസ്ഥിതിവാദികള്‍ ചിന്തിക്കുന്നില്ല എന്നതുവേറെ കാര്യം. അകലെ നിന്നുളള കശുവണ്ടി കഴിക്കേണ്ടെന്ന് യൂറോപ്പിലും അമേരിക്കയിലും ജപ്പാനിലുമുളളവര്‍ തീരുമാനിച്ചാല്‍ ആഫ്രിക്കയിലെയും ഇന്ത്യയിലെയും കശുവണ്ടി കര്‍ഷകരും കേരളത്തിലെയും തമിഴ്‌നാട്ടിലെയും കശുവണ്ടി ഫാക്ടറിത്തൊഴിലാളികളും പട്ടിണിയിലാകും. അകലെ നിന്നുളള കാപ്പിയും തേയിലയും വേണ്ടെന്നുവച്ചാല്‍ ബ്രസീലിലും കൊളംബിയയിലും കെനിയയിലും ഇന്ത്യയിലും ഇന്‍ഡൊനീഷ്യയിലുമൊക്കെ ലക്ഷങ്ങളാണു ദാരിദ്ര്യത്തില്‍ നിന്നു പട്ടിണിയിലേക്കു തളളിയിടപ്പെടുക.
നാടന്‍ മതി എന്നു വച്ചാല്‍ വികസിത രാജ്യങ്ങള്‍ ചോക്കലേറ്റ് ഉപേക്ഷിക്കണം. അതു ചെയ്യുമ്പോള്‍ വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഐവറി കോസ്റ്റ് (കോട്ട് ഡി ഐവാര്‍) എന്ന ദരിദ്രരാജ്യത്തെ ജനങ്ങള്‍ക്കു പട്ടിണിയിലേക്കുളള എക്സ്പ്രസ് വേ തുറന്നു കിട്ടും.
ശ്രദ്ധേയമായ കാര്യം നാടന്‍വാദത്തിനു പിന്നിലെ കണക്കുകള്‍ തെറ്റാണെന്നതാണ്. ചിലതു മനഃപൂര്‍വം വരുത്തുന്ന തെറ്റുമാണ്. ഒരുദാഹരണം; ലെറ്റൂസ് ഇല കലിഫോര്‍ണിയയില്‍ നിന്ന് ന്യുയോര്‍ക്കിലെത്തിക്കാനുളള ചെലവ് പരിസ്ഥിതിക്കാര്‍ അവതരിപ്പിക്കുന്നതു നോക്കുക. ഒരു കലോറി ഊര്‍ജ്ജം നല്‍കാവുന്ന ലെറ്റൂസ് കലിഫോര്‍ണിയയില്‍ നിന്ന് ന്യൂയോര്‍ക്കിലെത്തിക്കാന്‍ 36 മുതല്‍ 97 വരെ കലോറി ഊര്‍ജ്ജം വേണം. കണക്കു ശരി തന്നെ. പക്ഷേ ലെറ്റൂസ് തീര്‍ത്തും കലോറി കുറഞ്ഞ ഇലയാണ് എന്ന കാര്യം വിസ്മരിക്കുന്നു. അത്രയും ഭാരമുളള ആപ്പിളാണെങ്കില്‍ കലോറികണക്ക് വിപരീതമാകും. എന്നു മാത്രമല്ല ചരക്കു നീക്കത്തിനുവേണ്ട ഊര്‍ജ്ജത്തിലും വളരെ കൂടുതലാണ് കാര്‍ഷികോല്‍പാദനത്തിനു വേണ്ട ഊര്‍ജ്ജം എന്ന കാര്യം മറച്ചു വയ്ക്കുകയും ചെയ്യുന്നു. സുമാര്‍ 11000 കലോറി ഊര്‍ജം വേണം ഒരു കിലോഗ്രാം ലെറ്റൂസ് കൃഷി ചെയ്‌തെടുക്കാന്‍. കടത്തു ചെലവ് അതിന്റെ ആറുശതമാനം മാത്രമേ വരൂ.
സത്യത്തില്‍ ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ പേരിലുളള ഊര്‍ജ്ജവിനിയോഗത്തില്‍ ഏറ്റവും വലിയ പങ്ക് അതിന്റെ സ്റ്റോറേജിലും പാചകത്തിലുമാണ്. റഫ്രിജറേറ്ററും ഫ്രീസറും പാചകവും കഴുക്കും വൃത്തിയാക്കലും എല്ലാം ചേര്‍ന്നാണ് ഭക്ഷ്യവ്യവസ്ഥയിലെ ഊര്‍ജ്ജത്തിന്റെ മൂന്നിലൊന്ന് ഉപയോഗിക്കുന്നത്.അപ്പോള്‍ പ്രശ്‌നം വീണ്ടും യന്ത്രോപയോഗങ്ങളിലേക്കു വരുന്നു. യന്ത്രങ്ങള്‍ (റഫ്രിജറേറ്ററും ഫ്രീസറും ഡിഷ്‌വാഷറും കുക്കിങ് റേഞ്ചും എല്ലാം) വേണ്ടിവരുന്നത് ആധുനിക നാഗരികജീവിതത്തിന്റെ ഡിമാന്‍ഡുകള്‍ മൂലം. അതായത് നാഗരികതയും നഗരവത്ക്കരണവുമാണ് കുറ്റവാളി; അകലെ നിന്നു വരുന്ന ഭക്ഷ്യവസ്തുവല്ല. അകലെ നിന്നു ഭക്ഷ്യവസ്തുവിനെ വരുത്തുന്നതും ഈ നാഗരികത തന്നെ.
പക്ഷേ, ഈ നാഗരികതയെ ആരും തളളിപ്പറയുന്നില്ല. എല്ലാവര്‍ക്കും ഈ സൗകര്യങ്ങള്‍വേണം. അതിനെ തളളിക്കളയാതെ അതിന്റെ ദൂഷ്യം കുറയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് തദ്ദേശിഭുക്കാകാനും മറ്റുമുളള ആഹ്വാനങ്ങള്‍ വരുന്നത്.