10:15 PM

(0) Comments

Women and Health-Common Health Problems a Woman May Have part II

kerala friend

വീട്ടുജോലി തന്നെ വ്യായാമം

ഇങ്ങനെ പറഞ്ഞ് വ്യായാമത്തോട് മുഖംതിരിഞ്ഞുനില്‍ക്കുകയാണ് സ്ത്രീകള്‍. വ്യായാമക്കുറവ് വരുത്തുന്ന അസുഖങ്ങള്‍ എത്രയെങ്കിലുമുണ്ട്. പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങി കാന്‍സര്‍ വരെയെത്തുന്ന പട്ടിക. പലപ്പോഴും പെണ്ണിന്റെ വ്യായാമം കൗമാരത്തോടെ നിന്നുപോവുകയാണ് പതിവ്. കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കുന്നതോടെ വീട്ടിലെ ജോലികളുടെ തിരക്കായി. പിന്നെ ഈ ജോലിതന്നെ നല്ല വ്യായാമമാണെന്ന്് ചിന്തിക്കും. പക്ഷേ ഇതു തെറ്റാണെന്ന് പറയുന്നു ഡോക്ടര്‍മാര്‍. 'പണ്ടുകാലത്ത് വേണമെങ്കില്‍ അങ്ങനെ പറയാമായിരുന്നു. മുറ്റം തൂക്കുമ്പോഴെങ്കിലും ശരീരം ഒന്നനങ്ങും. ഇന്ന് തൂക്കാന്‍ മുറ്റമില്ലല്ലോ. നമ്മുടെ അടുക്കള സംവിധാനത്തിലൊക്കെ എത്രയോ മാറ്റംവന്നുകഴിഞ്ഞു. അലക്ക് കല്ലിനുപകരം വാഷിങ് മെഷീനായി. അരകല്ലിന്റെ സ്ഥാനത്ത് മിക്‌സി കടന്നെത്തി. ഉപകരണങ്ങള്‍ ഉപയോഗിച്ച് വീട്ടുജോലി ചെയ്യുന്നതെങ്ങനെ വ്യായാമമാവും- ഡോ. പി. ഗീത ചോദിക്കുന്നു.

പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങി വലിയൊരു പങ്ക് അസുഖങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ വ്യായാമം സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്‌ട്രോളിനെ വര്‍ധിപ്പിക്കാന്‍ വ്യായാമം കൂടിയേതീരൂ.''രാവിലെ അരമണിക്കൂര്‍ നടത്തം. അതും അമിതവേഗത്തിലൊന്നും വേണ്ട. ഒരാളോട് സംസാരിച്ചുനടക്കാവുന്ന വേഗത്തില്‍ നടന്നാല്‍ മതി.' ഡോക്ടര്‍ പി. ഗീത നിര്‍ദേശിക്കുന്നു. നടന്നുവിയര്‍ത്താലേ ഗുണമുള്ളൂ എന്നു പറയുന്നതില്‍ കാര്യമില്ല. അധ്വാനം കുറച്ച് കൂടുതല്‍ സമയം നടന്നാലും മതി. പുറത്തിറങ്ങി നടക്കാന്‍ നേരമില്ലാത്തവര്‍ക്ക് സൈക്കിള്‍ സവാരി, ട്രെഡ്മില്‍, ജോഗിങ്ങ് തുടങ്ങിയവ നല്ല വ്യായാമങ്ങളാണ്. ഡാന്‍സിങ്ങ്, സ്‌കിപ്പിങ്ങ് എന്നിവയും വീട്ടമ്മമാര്‍ക്ക് യോജിച്ചതാണ്.

രാവിലെ ഇളവെയിലേറ്റുള്ള നടത്തം ഓസ്റ്റിയോ പൊറോസിസ് പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുമെന്ന് ഡോ. പത്മകുമാര്‍ പറയുന്നു. ''60 വയസ്സൊക്കെ കഴിഞ്ഞവര്‍ക്ക്് കാണുന്ന അസ്ഥിക്ഷയം ശരീരത്തില്‍ ജീവകം ഡി.യുടെ കുറവുകൊണ്ടുണ്ടാവുന്നതാണ്. ഇളംവെയില്‍ ജീവകം ഡി.യുടെ വറ്റാത്ത കലവറയാണ്. അതുകൊണ്ട് പ്രായമായവര്‍ക്കുപോലും നടത്തം പോലുള്ള വ്യായാമങ്ങള്‍ ഗുണംചെയ്യും.''

സ്‌ക്രീനിങ് ടെസ്റ്റുകള്‍ വേണോ

'കുടുംബത്തില്‍ പാരമ്പര്യമായുണ്ടാവുന്ന അസുഖങ്ങള്‍ പലതും സ്ത്രീകള്‍ ശ്രദ്ധിക്കുന്നേയില്ല. അമ്മക്കുണ്ടാവുന്ന സ്തനാര്‍ബുദം പോലുള്ള പല അസുഖങ്ങളും മക്കള്‍ക്കുമുണ്ടാവാന്‍ സാധ്യതയുണ്ട്. കൊളസ്‌ട്രോള്‍,ഹൃദ്രോഗം,പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളും പാരമ്പര്യരോഗങ്ങളുടെ ലിസ്റ്റില്‍പ്പെടുന്നു.- ഡോ. ടി. മനോജ് പറയുന്നു. ഇത്തരം രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ സ്‌ക്രീനിങ്ങ് ടെസ്റ്റുകള്‍ കൃത്യമായി നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. എല്ലാവര്‍ഷവും നടത്തേണ്ട ചില ടെസ്റ്റുകളുണ്ട്. ഗര്‍ഭകാലത്ത് പ്രമേഹമുണ്ടായിരുന്നവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും രക്തപരിശോധന നടത്തേണ്ടതുണ്ട്. നാലു കിലോയിലേറെ തൂക്കമുള്ള കുട്ടികളുണ്ടാവുന്നവര്‍ക്കും മുപ്പതു വയസ്സിനുശേഷം പ്രസവിക്കുന്നവര്‍ക്കും പ്രമേഹസാധ്യത കൂടുതലുണ്ട്. ഗര്‍ഭകാലത്ത് രക്തസമ്മര്‍ദമുള്ളവരും പിന്നീട് ശ്രദ്ധിക്കണം.

സ്ത്രീകള്‍ രോഗം വന്നാല്‍ പെട്ടെന്നുതന്നെ ഡോക്ടറെ കാണാനെത്താറില്ല. മുന്‍കൂട്ടിയുള്ള പരിശോധനകളുടെ കാര്യത്തിലും അവര്‍ ഈ വീഴ്ചകള്‍ വരുത്തുന്നതായി ഡോ.നിര്‍മല സുധാകരനും സമ്മതിക്കുന്നു.

''20 വയസ്സുകഴിഞ്ഞാല്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ക്ലിനിക്കല്‍ സ്തനപരിശോധന നടത്തണം. ഇരുപത്തഞ്ചു വയസ്സുകഴിഞ്ഞാല്‍ ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും സ്ത്രീകള്‍ കാന്‍സറിനുള്ള പാപ്‌സ്മിയര്‍ പരിശോധന നടത്തണം. ആദ്യ മൂന്നുതവണയും പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ പിന്നെ അഞ്ചുവര്‍ഷം കഴിഞ്ഞിട്ട് പരിശോധിച്ചാല്‍ മതി. ' ഡോക്ടര്‍ നിര്‍ദേശിക്കുന്നു.


ആ ലക്ഷണങ്ങള്‍ അവഗണിക്കാന്‍ എനിക്ക് തോന്നിയില്ല

17 വര്‍ഷം വര്‍ഷം മുന്‍പാണ് തലശ്ശേരിയിലെ വീട്ടമ്മ വല്ലിക്ക് ആരോഗ്യകാര്യത്തില്‍ ചെറിയൊരു പേടി തുടങ്ങിയത്. എരിവുള്ള ഭക്ഷണംകഴിക്കുമ്പോള്‍ അവര്‍ക്ക് വായ്ക്കുള്ളില്‍ പുകയുന്ന പോലെ തോന്നും.

''ഒരുദിവസം ഞാന്‍ കണ്ണാടിയെടുത്ത് വായ്ക്കുളളില്‍ മുഴുവന്‍ പരിശോധിച്ചു. അപ്പോഴാണ് ഉള്ളിലൊരു വെളുത്തപുള്ളി കണ്ടത്. അതോടെ എനിക്കെന്തോ പേടി കൂടി. അടുത്തദിവസംതന്നെ കോഴിക്കോട്ട് പോയി ദന്തഡോക്ടറെ കണ്ടു. വിറ്റാമിന്‍ കുറവുകൊണ്ടാണെന്നു പറഞ്ഞ് അദ്ദേഹം എനിക്ക് ഗുളിക തന്നു. എന്നിട്ടും സമാധാനമായില്ല. ടെസ്‌റ്റൊക്കെ നടത്തി രോഗമൊന്നുമില്ലെന്ന് ഉറപ്പാക്കണമെന്ന് ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ.

മുമ്പ് റീഡേഴ്‌സ് ഡൈജസ്റ്റിലൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്, വെളുത്തപാടൊക്കെ കണ്ടാല്‍ ശ്രദ്ധിക്കണമെന്ന്. ചിലപ്പോഴത് അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ആവാമത്രേ. മണിപ്പാലില്‍ ഇതിനൊക്കെയുള്ള ടെസ്റ്റുകളുണ്ടെന്ന് കേട്ടു. ഞാനും ബാലേട്ടനും(ഭര്‍ത്താവ്)കൂടെ അവിടുത്തെ ഡോക്ടറെ കാണാന്‍പോയി. ചെന്നദിവസം തന്നെ സ്‌കിന്‍ബയോപ്‌സിയെടുത്തു. ടെസ്റ്റില്‍ കുഴപ്പമില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.എന്റെ ചര്‍മത്തിന് അധികം ചൂട് സഹിക്കാനാവാത്തതാണ് പ്രശ്‌നമത്രേ. കുറച്ച് സ്റ്റിറോയ്ഡ് ഗുളിക എഴുതിത്തന്ന് അദ്ദേഹം ഞങ്ങളെ തിരിച്ചയച്ചു. എന്നിട്ടും എനിക്ക് മനസമാധാനം തോന്നിയില്ല.

കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് കണ്ണൂരിലൊരു ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനം നടക്കുന്നത്. അതില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സ്റ്റാളുണ്ട്്. അവിടെ നേരത്തെ കാന്‍സര്‍ നിര്‍ണയിക്കാനുള്ള ടെസ്റ്റുകള്‍ നടത്തും. ഞാനവിടെ കയറി എനിക്ക് കാന്‍സര്‍ നിര്‍ണയ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞു. അതിന്റെയൊന്നും ആവശ്യമില്ലെന്നായിരുന്നു പരിശോധിച്ച ഡോക്ടറുടെ മറുപടി. ഒടുവില്‍ ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അദ്ദേഹം ടെസ്റ്റ് നടത്തിത്തന്നു.

18 ദിവസം കഴിഞ്ഞാണ് ഫലം വന്നത്. വീട്ടിലേക്ക് അയച്ചുതരികയായിരുന്നു. . അത് കൈയില്‍ക്കിട്ടിയ നിമിഷം ഇപ്പോഴും ഓര്‍മയിലുണ്ട്. റിപ്പോര്‍ട്ട് തുറക്കുമ്പോള്‍ ഹൃദയമിടിപ്പിന്റെ ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു. കാന്‍സറിന്റെ സാധ്യതാലക്ഷണങ്ങളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടില്‍. ഞാനാകെ തളര്‍ന്നുപോയി. ഭയപ്പെട്ടതു പോലെത്തന്നെ സംഭവിക്കുകയാണല്ലോയെന്ന് ഓര്‍ത്തപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി.

തിരുവനന്തപുരം ആര്‍.സി.സി.യില്‍ പോയി പരിശോധിക്കാന്‍ തലശ്ശേരിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആര്‍.സി.സി.യില്‍ ഡോ.രമണിയുടെ അടുത്താണെത്തിയത്. അവര്‍ വേറെ ടെസ്റ്റ് ചെയ്യാനൊന്നും നിന്നില്ല. എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങാനായിരുന്നു ഡോക്ടറുടെ ഉപദേശം. തുടക്കത്തില്‍ ചികിത്സ തുടങ്ങിയാല്‍ കാന്‍സറിനെ എളുപ്പം കീഴ്‌പ്പെടുത്താമെന്നൊക്കെ അവര്‍ വിശദമായി പറഞ്ഞുതന്നു.

കുറച്ചുകഴിഞ്ഞ് എന്റെ തോളില്‍ തട്ടി ഡോക്ടര്‍ പറഞ്ഞു. 'നിങ്ങളെങ്ങനെയാണ് ഇത്രയും ഉള്ളിലുള്ളൊരു പാട് കണ്ടെത്തിയത്. ഞാനാണെങ്കില്‍ പോലും ഇത് കാണില്ല. അഥവാ കണ്ടാല്‍പ്പോലും ഡോക്ടറെ കാണിക്കാനൊന്നും നില്‍ക്കില്ല. നിങ്ങള്‍ക്ക് ഈ ടെസ്‌റ്റൊക്കെ ചെയ്യാന്‍ തോന്നിയല്ലോ ' അവരെന്നെ അഭിനന്ദിച്ചു.

അന്നൊക്കെ കാന്‍സറെന്നു കേള്‍ക്കുമ്പോഴേ ജീവിതം അവസാനിച്ച പോലെയാണ് പലരും സംസാരിക്കുക. രോഗത്തെക്കുറിച്ച് കേട്ടപ്പോഴേ തലചുറ്റി വീഴുന്നവരെ കണ്ടിട്ടുണ്ട്. പക്ഷേ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. രോഗം ചികിത്സിച്ചു മാറ്റാന്‍ കഴിയുമെന്ന്.

പിന്നെ 26 ദിവസം ആര്‍.സി.സി.യില്‍ റേഡിയേഷന്റെ തടവറയിലായിരുന്നു. അത് തുടങ്ങിയപ്പോള്‍ ഭയങ്കര ബുദ്ധിമുട്ട്. കുറെക്കാലം കഞ്ഞിപോലും കഴിക്കാനായില്ല. വായില്‍ കുമിള പോലെ വരുമായിരുന്നു. കവിളിലൊക്കെ തൊട്ടാല്‍ ചോര വരും. കറുത്ത് ചര്‍മമൊക്കെ ഇളകി വന്നു. ഓരോ ദിവസം കഴിയുമ്പോഴും മരുന്ന് പോലും കഴിക്കാനാവാത്ത അവസ്ഥ. ചികിത്സയ്ക്കുവേണ്ടി തിരുവനന്തപുരത്ത് വീട് വാടകയ്‌ക്കെടുക്കുകയായിരുന്നു. അതിന്റെ ജാലകങ്ങള്‍ തുറന്നിട്ടാല്‍ കാണാം തൊട്ടടുത്ത ലോഡ്ജിലെ മുറിയില്‍ നിന്നും റേഡിയേഷന്‍ കഴിഞ്ഞ പലരും ഛര്‍ദ്ദിക്കുന്നതൊക്കെ.

അന്ന് വീട്ടിലാണെങ്കില്‍ ആരുമില്ല. മക്കളൊക്കെ പഠനവുമായി ദൂരത്താണ്. ബാലേട്ടനാണ് എന്നെ ശുശ്രൂഷിക്കുന്നതൊക്കെ. റേഡിയേഷന്റെ പ്രശ്‌നങ്ങള്‍ കുറെക്കാലം പിന്തുടര്‍ന്നു. ഓരോ ദിവസവും ഞാന്‍ ഡോക്ടറോട് പറയും. മതി എനിക്കിനി കഴിയുന്നില്ലെന്ന്. അപ്പോള്‍ അവര്‍ ആശ്വസിപ്പിക്കും. വേദന കുറയ്ക്കാന്‍ 12 ഗുളികകള്‍വരെ കഴിച്ച ദിവസങ്ങളുണ്ട്. ഉറക്കമില്ലാതെ എത്രയോ രാത്രികള്‍. പതുക്കെപ്പതുക്കെ വേദനയ്ക്ക് ആശ്വാസം വന്നുതുടങ്ങി.

പിന്നെ അഞ്ചുവര്‍ഷത്തോളം തുടര്‍ച്ചയായി ചെക്ക് അപ്പുകള്‍ക്ക് പോയി. ഇപ്പോള്‍ പ്രത്യേകിച്ച് മരുന്നൊന്നും കഴിക്കുന്നില്ല. ജീവിതത്തിനൊരു സമാധാനമുണ്ട്. അര്‍ബുദം മാറിയവരുടെ ഒരൊത്തുചേരലുണ്ടായിരുന്നു ഈയിടെ. അതില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഒരു പാട്ട് പാടി 'രോഗം പാവമല്ലേ, രോഗം ശാപമല്ല, കാന്‍സര്‍ മാറാരോഗമല്ല...' എന്നൊക്കെ. അന്ന് എന്നോട് ചോദിച്ചവരോടൊക്കെ
ഞാനും അതൊക്കെത്തന്നെയാണ് പറഞ്ഞത്.

പിന്നെ മറ്റൊന്നുകൂടി ഓര്‍ക്കണം, ആരോഗ്യകാര്യത്തില്‍ എന്തെങ്കിലും പേടിയുണ്ടെങ്കില്‍. നിങ്ങളതുവെച്ചുകൊണ്ടിരിക്കരുത്. ഉടന്‍ തന്നെ വിദഗ്ധ ചികിത്സ തേടണം.

ഭക്ഷണത്തിലും വേണം അടുക്കും ചിട്ടയും

കൗമാരപ്രായത്തില്‍ വളര്‍ച്ചക്കാവശ്യമായ പോഷകഗുണങ്ങള്‍ നന്നായടങ്ങിയ ഭക്ഷണം കഴിക്കണം. ധാന്യങ്ങളും പയറുവര്‍ഗങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പുട്ട്-കടല, ഇടിയപ്പം-ഗ്രീന്‍പീസ് തുടങ്ങിയ കോമ്പിനേഷനുകള്‍ രാവിലത്തെ ഭക്ഷണമായി പരീക്ഷിക്കാം. പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണവിഭവങ്ങളാണിത്.

ആര്‍ത്തവ കാലത്ത് അയേണ്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. മുള്ളുള്ള മീന്‍ (നത്തോളി, മത്തി,) തവിടു നീക്കാത്ത ധാന്യങ്ങള്‍, തൊലി കളയാത്ത പയര്‍ എന്നിവയില്‍ അയേണ്‍ കൂടുതലുണ്ട്. ഭക്ഷണത്തില്‍ ഇലക്കറികളും ഉള്‍പ്പെടുത്തണം. ദഹനത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ഇതുവഴി ലഭിക്കും.

ഭക്ഷണം കഴിക്കുന്നതില്‍ സമയനിഷ്ഠ പാലിക്കുന്നതും പ്രധാനമാണ്. യഥാസമയത്ത് ഭക്ഷണം കഴിക്കാത്തവരില്‍ തലവേദന, ക്ഷീണം, പഠനത്തില്‍ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ കാണാറുണ്ട്.
പാടില്ലാത്തത്

ശരീരത്തിന് ആവശ്യമായതിലും കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം ശീലമാക്കരുത്. അമിതവണ്ണത്തിന് ഇതിടയാക്കും. ഭാവിയില്‍ ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവ വരാനും കാരണമാവാം. കൊഴുപ്പ് അധികമടങ്ങിയ ഭക്ഷണവും പഞ്ചസാരയുടെ ഉപയോഗവും പരമാവധി നിയന്ത്രിക്കണം.

ഉച്ചഭക്ഷണം ഒഴിവാക്കുന്ന ശീലം യുവതികളിലുണ്ട്. ഇത് നന്നല്ല. ഏകാഗ്രത കുറയാന്‍ ഇതിടയാക്കും. തടി കുറയ്ക്കാന്‍വേണ്ടി ഭക്ഷണം തീരെ കുറയ്ക്കുന്നതും നന്നല്ല. ഇത് മുടികൊഴിച്ചില്‍, ആര്‍ത്തവക്രമക്കേടുകള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.

യൗവനം

നാര് ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴങ്ങളുമാണ് നല്ലത്.

ദിവസവും 10-12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

പെട്ടെന്ന് വ്യായാമം കുറയുന്ന കാലമാണിത്. ജോലിക്കിടെ തിരക്ക് പിടിച്ചോടുമ്പോള്‍ വ്യായാമത്തിനുള്ള സാധ്യത കണ്ടെത്തണം.

പാടില്ലാത്തത്

തിരക്കുപിടിച്ച് ഭക്ഷണം കഴിക്കുന്നതൊഴിവാക്കുക. ഇത് ദഹനപ്രക്രിയയെ ബാധിച്ചേക്കാം. ഭാവിയില്‍ അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കിടയാക്കാം. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന ശീലവും കുറയ്ക്കുക. ഇതുവഴി പ്രത്യേകിച്ച് പോഷകങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് മാത്രമല്ല അമിതവണ്ണത്തിനിടയാക്കാനും സാധ്യതയുണ്ട്.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കുക. മട്ടണ്‍,ബീഫ്,പോര്‍ക്ക്് തുടങ്ങിയവ അധികം കഴിക്കുന്നതും നന്നല്ല. ഇത് കൊളസ്‌ട്രോളിന്റെ അളവ് കൂട്ടും.

ആര്‍ത്തവ വിരാമ ശേഷം

ഭക്ഷണത്തില്‍ സോയാബീന്‍ ഉള്‍പ്പെടുത്തുക. ഇതിലെ ഫൈറ്റോകെമിക്കലുകള്‍ ഈസ്ട്രജനുതുല്യമായ ഗുണം ചെയ്യും.

കാല്‍സ്യം ധാരാളമായി അടങ്ങിയ ഭക്ഷണം ശീലമാക്കുക. പാലുല്‍പ്പന്നങ്ങളില്‍ ആവശ്യത്തിന് കാല്‍സ്യം ഉണ്ട്. അസ്ഥിശോഷണം വരാതിരിക്കാന്‍ കാല്‍സ്യം സഹായിക്കും. നാരടങ്ങിയ ഭക്ഷണങ്ങളും കൂടുതല്‍ കഴിക്കണം. ഇത് ശോധന സുഗമമാക്കും. എട്ട് പത്ത് ഗ്ലാസ് വെള്ളം നിര്‍ബന്ധമായും കുടിക്കണം. മൂത്രാശയരോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും.

ഭക്ഷണം പാചകം ചെയ്യാന്‍ വിവിധ എണ്ണകള്‍ ഉപയോഗിക്കുക. ശരീരത്തിന് ആവശ്യമായ കൊഴുപ്പ് ലഭിക്കാന്‍ ഇതുപകരിക്കും. വെളിച്ചണ്ണയില്‍ ഫാറ്റി ആസിഡുകള്‍ കുറവാണ്. സൂര്യകാന്തി എണ്ണ, തവിടെണ്ണ, സോയാബീന്‍ എണ്ണ എന്നിവയിലൊന്നുകൂടി ശീലമാക്കാം.

പാടില്ലാത്തത്

ഉപ്പ്, പഞ്ചസാര എന്നിവയുടെ അമിതോപയോഗം കുറയ്ക്കുക. കാപ്പി,ചായ എന്നിവയുടെ ഉപയോഗത്തിലും നിയന്ത്രണംവേണം. പകരം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ടീ കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും.

ടെസ്റ്റുകള്‍ ഓരോ പ്രായത്തിലും


Health tips for ladies

ഒരു ഡോക്ടറെ കണ്ട് രക്തസമ്മര്‍ദം എത്രയുണ്ട്, ഹൃദയത്തിന്റെ ആരോഗ്യം എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ ഒരു വാര്‍ഷിക പരിശോധന ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും നല്ലതാണ്. ഒരു ഫിസിഷ്യനെ കാണുന്നതാണ് നല്ലത്. കൊളസ്‌ട്രോള്‍ കൂടെ പരിശോധിപ്പിക്കണം. അമിതവണ്ണമുള്ളവര്‍ എല്ലാവര്‍ഷവും തൈറോയ്ഡിന്റെ ടി.സി.എച്ച്. ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.

20-30 വയസ്സ്: 20 വയസ്സുകഴിഞ്ഞാല്‍ വര്‍ഷത്തിലൊരിക്കല്‍ ക്ലിനിക്കല്‍ സ്തനപരിശോധന നടത്താന്‍ ശ്രദ്ധിക്കണം. സ്തനാര്‍ബൂദ സാധ്യത മുന്‍കൂട്ടി അറിയാന്‍ സഹായിക്കും.

25 വയസ്സ് കഴിഞ്ഞാല്‍ പാപ്‌സ്മിയര്‍ ടെസ്റ്റ് നടത്തണം.ഗര്‍ഭാശയഗള കാന്‍സര്‍ കണ്ടെത്താന്‍ വേദനയോ പാര്‍ശ്വഫലങ്ങളോ ഇല്ലാത്ത പരിശോധനയാണ് പാപ്‌സ്മിയര്‍. സജീവമായ ലൈംഗികബന്ധം തുടങ്ങി രണ്ടുവര്‍ഷം കഴിഞ്ഞാല്‍ പാപ്‌സ്മിയര്‍ ടെസ്റ്റ് നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. നേരത്തെ ലൈംഗികജീവിതം തുടങ്ങുന്നവര്‍ ആദ്യത്തെ ലൈംഗികബന്ധം കഴിയുമ്പോള്‍ തന്നെ പാപ്‌സ്മിയര്‍ ടെസ്റ്റ് നടത്തണം. ആദ്യപരിശോധനയില്‍ കുഴപ്പമൊന്നും കണ്ടില്ലെങ്കില്‍ മൂന്നുവര്‍ഷം കഴിഞ്ഞുമതി അടുത്തത്. തുടര്‍ച്ചയായി മൂന്നുതവണ ചെയ്തിട്ടും പ്രശ്‌നമില്ലെങ്കില്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ട് അടുത്ത ടെസ്റ്റ്് നടത്തിയാല്‍ മതി.

30-40 വയസ്സ്: 35 വയസ്സിനുമേലുള്ളവരും കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹമുള്ളവരും വര്‍ഷത്തിലൊരിക്കലെങ്കിലും പ്രമേഹസാധ്യത അറിയാന്‍ രക്തപരിശോധന നടത്തണം. വ്യായാമക്കുറവുളളവരും അരക്കെട്ടിന് 90 സെന്റീമീറ്ററിലധികമുള്ളവരും പരിശോധന ഒഴിവാക്കരുത്. ഇത്തരം പ്രമേഹസാധ്യതാഘടകങ്ങള്‍ ഇല്ലെങ്കിലും മൂന്നുവര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധന നടത്തണം.

40 നു മുകളില്‍: 40 വയസ്സുകഴിഞ്ഞാല്‍ ഇടക്കിടെ മാമോഗ്രാഫി പരിശോധന നടത്തണം.സ്തനങ്ങളുടെ എക്‌സ്‌റേ പരിശോധനയാണിത്. വേദനയില്ലാത്ത ടെസ്റ്റാണിത്. സ്തനങ്ങള്‍ ഒരു പ്രതലത്തില്‍ വെച്ചുനന്നായി അമര്‍ത്തി കുറഞ്ഞ വോള്‍ട്ടേജിലുള്ള എക്‌സ്‌റേ രശ്മികള്‍ കടത്തിവിട്ടാണ് പരിശോധിക്കുന്നത്.

നാല്‍പത് വയസ്സുകഴിഞ്ഞാല്‍ സ്ത്രീകള്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ടെസ്റ്റ് ചെയ്യണം. അനീമിയ ഉണ്ടോയെന്ന് അറിയാനാണിത്.

50 വയസ്സിനുമുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ മലപരിശോധന നടത്തണം. കോളന്‍ കാന്‍സര്‍ കണ്ടെത്താനുള്ള വഴിയാണിത്.

60 വയസ്സെത്തുമ്പോള്‍ രണ്ടുവര്‍ഷം കൂടുമ്പോഴെങ്കിലും ബി.എം.ടി.(ബോണ്‍മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റ്) നടത്തണം.ഓസ്റ്റിയോ പൊറോസിസ് മുന്‍കൂട്ടി അറിയാന്‍ ഈ പരിശോധന സഹായിക്കും.




Women and Health-Common Health Problems a Woman May Have part II

Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget