7:50 PM

(0) Comments

Health and Fitness: Stamina and Beauty

kerala friend

ശേഷിയും സൗന്ദര്യവും

ഫിറ്റ്‌നെസിന് പ്രധാനമായും അഞ്ചു ഘടകങ്ങളാണുള്ളതെന്നു പറയാം.

കാര്‍ഡിയോവാസ്‌കുലാര്‍ കപ്പാസിറ്റി അഥവാ ഹൃദയപേശികളുടെയും ശ്വാസകോശങ്ങളുടെയും ശേഷി, മസിലുകളുടെ കരുത്ത് അഥവാ സ്‌ട്രെങ്ത്,മസിലുകളുടെ ക്ഷമത അഥവാ എന്‍ഡ്യുറന്‍സ്,ശരീരത്തിന്റെ വഴക്കം അഥവാ ഫ്‌ളെക്‌സിബിലിറ്റി, ശരീരത്തിന്റെ ഘടനാ പരമായ സൗന്ദര്യം അഥവാ ബോഡിസ്ട്രക്ചര്‍ എന്നിവയാണവ.

കാര്‍ഡിയോവാസ്‌കുലാര്‍ കപ്പാസിറ്റി

ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും ശേഷി മെച്ചപ്പെടുത്തുക എന്നത് ഏതുതരം വ്യായാമത്തിന്റെയും പ്രാഥമിക ലക്ഷ്യങ്ങളിലൊന്നാണ്. വ്യായാമങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാറുണ്ട്. എയറോബിക് വ്യായാമങ്ങള്‍ എന്നും അനെയറോബിക് വ്യായാമങ്ങള്‍ എന്നും. ശ്വസനശേഷി മെച്ചപ്പെടുത്തുന്ന തരത്തിലുള്ള വ്യായാമങ്ങളാണ് എയറോബിക് വ്യായാമങ്ങള്‍ എന്നു പറയാം. നടത്തം. ജോഗിങ്ങ്, നീന്തല്‍,എയറോബിക് ഡാന്‍സ് തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തില്‍ പെടുന്നു.
ശ്വസനസഹായവ്യായാമങ്ങള്‍ എന്നും ഇവയെ പറയാറുണ്ട്. അനെയറോബിക് വ്യായാമങ്ങള്‍ എന്നാല്‍ പൊതുവെ, ശ്വാസം പിടിച്ച് ചെയ്യുന്ന വ്യായാമങ്ങളാണ്. ഭാരം ഉയര്‍ത്തുക, പുഷ് അപ്പ് എടുക്കുക, അതിവേഗത്തിലുള്ള ഓട്ടം തുടങ്ങിയവയൊക്കെ അനെയറോബിക് വ്യായാമങ്ങളാണ്. വ്യായാമങ്ങളെന്നാല്‍ എയറോബിക് വ്യായാമങ്ങള്‍ മാത്രമാണ് എന്നൊരു സങ്കല്പമാണ് അടുത്ത കാലം വരെ ഉണ്ടായിരുന്നത്. അനെയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതു നല്ലതല്ല എന്നും കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വ്യായാമത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടുകള്‍ മാറിക്കഴിഞ്ഞു.
വ്യായാമവേളയില്‍ കൂടുതലായി ശ്വസിക്കും. അപ്പോള്‍ കൂടുതല്‍ ഓക്‌സിജന്‍ ഉള്ളിലെത്തും. ഇതിന്റെ ഫലമായി ശരീരത്തില്‍ ഉപാപചയപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുകയും അടിഞ്ഞുകൂടിയകൊഴുപ്പ് കൂടുതലായി ഉപയോഗിച്ചുതീര്‍ക്കുകയും ചെയ്യും. പതിവായി എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നവര്‍ക്ക്് ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ അതിശയകരമായ മെച്ചം ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്.



മസിലുകളുടെ കരുത്ത്

പഴയ ജിംനേഷ്യങ്ങളില്‍ ബോഡിബില്‍ഡര്‍മാര്‍ ചെയ്തിരുന്ന വ്യയാമങ്ങളിലേറെയും മസിലുകളുടെ കരുത്ത് കൂട്ടാനുള്ള വ്യായാമങ്ങളായിരുന്നു. വെയിറ്റ് ട്രെയിനിങ്,പുഷ്അപ്, പുള്‍അപ്, ഡംബെല്‍ വ്യായാമങ്ങള്‍ എന്നിവയൊക്കെ ഇക്കൂട്ടത്തില്‍പെടുന്നു. ശരീരത്തിലെ മസിലുകള്‍ ഏതൊക്കെയാണെന്നും ഏതേത് വ്യായാമങ്ങള്‍ കൊണ്ട് ഏതൊക്കെ മസിലുകള്‍ കരുത്തു നേടുന്നു എന്നും കൃത്യമായി മനസ്സിലാക്കി വേണം വ്യായാമങ്ങള്‍ ചെയ്യാന്‍. മസിലുകളുടെ കരുത്ത് നിര്‍ണയിക്കുന്നതിന് ചില ശാസ്ത്രീയമാര്‍ഗങ്ങളുണ്ട്. ഒരു മസിലുപയോഗിച്ച് ഒറ്റത്തവണ പരമാവധി എത്ര ശക്തി പ്രയോഗിക്കാനാവും എന്ന് അളക്കുകയാണ് രീതി. എട്ടു കിലോയുടെ ഡംബെല്‍ 10 തവണ പൊക്കിത്താഴ്ത്താന്‍ കഴിയുന്ന ഒരാള്‍ക്ക് 10 കിലോയുടെ ഡംബെല്‍ അഞ്ചുതവണയേ പൊക്കിത്താഴ്ത്താന്‍ കഴിഞ്ഞുള്ളൂ എന്നു വരാം. അയാള്‍ക്ക് 12കിലോയുടെ ഡംബെല്‍ കഷ്ടി ഒരുപ്രാവശ്യം പൊക്കിത്താഴ്ത്താന്‍ കഴിയുന്നു എന്നു കരുതുക. അപ്പോള്‍ അയാളുടെ പരമാവധി മസില്‍കരുത്ത്12 കിലോ ഡംബെ ല്‍ പൊക്കിത്താഴ്ത്താനുള്ള ശേഷിയാണ്.

മസിലുകളുടെ കരുത്ത് കൂട്ടാനാഗ്രഹിക്കുന്നവര്‍ ഏതു മസിലാണോ മെച്ചപ്പെടുത്തേണ്ടത് എന്നു തീരുമാനിച്ച് അതനുസരിച്ചുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടണം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ശരീരത്തിലെ എല്ലാമസിലുകള്‍ക്കും നിശ്ചിത തോതില്‍ ആയാസം ലഭിക്കുന്ന സമഗ്രവ്യായാമപദ്ധതിയാവും വേണ്ടി വരിക. ഓരോ ദിവസവും ഓരോ മസിലിന് വ്യായാമം ലഭിക്കുംവിധത്തില്‍ വിവിധ വ്യായാമങ്ങള്‍ മാറി മാറി ചെയ്യുകയാണ് വേണ്ടത്.



മസിലുകളുടെ ക്ഷമത

ഒരേ ശേഷിയോടെ ദീര്‍ഘനേരം പ്രവൃത്തി ചെയ്യാനുള്ള മസിലുകളുടെ ശേഷിയാണ് എന്‍ഡ്യുറന്‍സ് അഥവാ പേശീക്ഷമത. ഒരാള്‍ക്ക് ക്ഷീണമില്ലാതെ ഇങ്ങനെ ദീര്‍ഘനേരം പ്രവര്‍ത്തിക്കാനുള്ള കഴിവാണ് സ്റ്റാമിന. പേശീക്ഷമത വര്‍ധിപ്പിക്കുന്നതിനും അനെയറോബിക് വ്യായാമങ്ങളാണ് വേണ്ടിവരിക. പേശികളുടെ പരമാവധി കരുത്ത് പ്രയോഗിക്കുകയല്ല ഇവിടെ വേണ്ടത്. ഒരു നിശ്ചിത നിലവാരത്തിലുള്ള പ്രവൃത്തി എത്രയധികം തവണ ആവര്‍ത്തിക്കാനാവും എന്നു നോക്കുകയാണ് വേണ്ടത്. 12 കിലോയുടെ ഡംബെല്‍ ഒറ്റത്തവണ പൊക്കിത്താഴ്ത്താന്‍ കഴിയുന്ന ഒരാള്‍ക്ക് അഞ്ച് കിലോയുടെ ഡംബെല്‍25 തവണ പൊക്കിത്താഴ്ത്താനായി എന്നു വരാം.

ദീര്‍ഘദൂര ഓട്ടക്കാര്‍, നീന്തലുകാര്‍, ദിവസം മുഴുവന്‍ കളിക്കേണ്ടി വരുന്ന ക്രിക്കറ്റ്താരങ്ങള്‍,വളരെയധികം ഊര്‍ജം ചെലവാക്കി ദീര്‍ഘനേരം കളിക്കേണ്ടി വരുന്ന ഫുട്‌ബോള്‍ താരങ്ങള്‍ തുടങ്ങിയവ ര്‍ക്കൊക്കെ അതനുസരിച്ചുള്ള പേശീക്ഷമത ആര്‍ജിക്കേണ്ടതുണ്ട്. ഓഫീസ് ജോലിയും മറ്റും ചെയ്യുന്നവര്‍ക്ക് ഏതെങ്കിലും പ്രത്യേക മസിലുകള്‍ക്കല്ല ദീര്‍ഘക്ഷമതയുണ്ടാവേണ്ടത്. ശരീരത്തിനു മൊത്തത്തിലാണ് അതു വേണ്ടത്. വൈകുന്നേരമാകുമ്പോഴേക്ക് വാടിത്തളര്‍ന്നു പോകുന്ന ദുരവസ്ഥ ഒഴിവാക്കാനാവുന്നതോടെ ജീവിതം മുഴുവന്‍പുതിയൊരു പ്രസരിപ്പ് അനുഭവിക്കാനാവും.



വഴക്കം

ശരീരത്തിലെ സന്ധികളുടെയും പേശികളുടെയും വഴക്കം ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ഏറെ പ്രധാനമാണ്. ഒരു സന്ധി അല്ലെങ്കില്‍ ഒരു കൂട്ടം പേശികള്‍ എത്ര അനായാസം ചലിപ്പിക്കാനും വഴക്കത്തോടെ പ്രവര്‍ത്തിപ്പിക്കാനും കഴിയും എന്നാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. ശാരീരികമായ സുഖാവസ്ഥയുടെ ഒരു പ്രധാനഘടകമാണ് വഴക്കം എന്നര്‍ഥം. യോഗാഭ്യാസം കൊണ്ടുണ്ടാകുന്ന ഒരു പ്രധാന നേട്ടം ശരീരത്തിന് നല്ല വഴക്കം കിട്ടുന്നു എന്നതാണ്. ജിംനാസ്റ്റിക്‌സ്, പലതരത്തിലുള്ള നൃത്തങ്ങള്‍,കളരിഅഭ്യാസങ്ങള്‍,സ്‌കേറ്റിങ്ങ് തുടങ്ങിയവയൊക്കെ ശരീരത്തിന് വഴക്കമുണ്ടാക്കുന്ന പരിശീലനമുറകളാണ്. പതിവായി വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ സന്ധികള്‍ക്കും പേശികള്‍ക്കുമൊക്കെ അയവുണ്ടാവുകയും വഴക്കം കൂടുകയും ചെയ്യും.
നിരപ്പായ തറയില്‍ കാലുകള്‍ ചേര്‍ത്ത് നീട്ടി നിവര്‍ന്നിരിക്കുക. നടു വളയാതെ കൈകള്‍ നിവര്‍ത്തി നീട്ടി കാല്‍പ്പാദങ്ങളില്‍ തൊടാനാവുന്നുവെങ്കില്‍ നോര്‍മല്‍ ഫ്‌ളെക്‌സിബിലിറ്റിയുണ്ട് എന്നാണ് കണക്കാക്കുക. ചിലര്‍ക്ക് കൈകള്‍ അങ്ങനെ നീട്ടി കാല്‍പ്പാദത്തിനപ്പുറത്തേക്ക് കൊണ്ടു പോകാനാവും. പലര്‍ക്കും കാല്‍പ്പാദത്തില്‍ തൊടാന്‍ കഴിയാതെയും വരും. കാല്‍പ്പാദത്തില്‍ തൊടാന്‍ കഴിയാത്തവര്‍ക്ക് കൈയുടെ തുമ്പും കാല്‍പ്പാദവും തമ്മില്‍ എത്ര അകലമുണ്ട് എന്ന് അളന്നു നോക്കും. ക്രമമായ വ്യായാമത്തിനു ശേഷം നിശ്ചിത ദിവസം കഴിയുമ്പോള്‍ വീണ്ടും അളക്കും. ഇപ്പോള്‍ അകലം കുറഞ്ഞിട്ടുണ്ടാവും. ശരീരത്തിന് വഴക്കംകൂടി എന്ന് ഇങ്ങനെ മനസ്സിലാക്കാം.



ശരീരഘടന

ശരീരത്തിലെ കൊഴുപ്പിന്റെ അളവും കൊഴുപ്പ് ഒഴികെയുള്ള മറ്റു ഘടകങ്ങളുടെ അളവും തമ്മിലുള്ള അനുപാതമാണ് ബോഡി കോംപൊസിഷന്‍ അഥവാ ശരീരഘടന എന്നറിയപ്പെടുന്നത്. കൊഴുപ്പിന്റെ അളവ് കുറയുകയും മസില്‍മാസ് വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ശരീരത്തിന് മികച്ച ആകാരഭംഗിയുണ്ടാവുകയും ചെയ്യും. ഒതുങ്ങിയ അരക്കെട്ടും വയറുമൊക്കെയാണ് ആണിനായാലും പെണ്ണിനായാലും ശരീരസൗന്ദര്യത്തിന്റെ ഒരു പ്രധാനലക്ഷണം. മനുഷ്യശരീരത്തിന്റെ സ്വാഭാവിക ആകാരം മിക്കവാറും ഇങ്ങനെയൊക്കെത്തന്നെയാണ്. അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുമ്പോഴാണ് ഓരോരോഭാഗങ്ങളായി ചീര്‍ത്തും വീര്‍ത്തും വരുന്നത്.ഇപ്പോള്‍ സൈഡിലേക്കാണ് വളരുന്നത് എന്ന്, വണ്ണം കൂടിയവരെ കളിയാക്കി പറയാറുണ്ടല്ലോ. ഇങ്ങനെ സൈഡിലേക്ക് വളരുന്നതിന്റെ മുഖ്യ കാരണം അമിതമായി കൊഴുപ്പ് അടിയുന്നതു തന്നെ. ചിട്ടയായി വര്‍ക്ഔട്ട് നടത്തുന്നതു കൊണ്ടുള്ള പ്രകടമായ പ്രയോജനം മികച്ച ശരീരഘടന നേടാനാവുന്നു എന്നതാണ്.






Health and Fitness: Stamina and Beauty

Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget