7:59 PM
Cochin Haneefa - A real life comedy
kerala friend
Cochin Haneefa (കൊച്ചിന്‍ ഹനീഫ )
കര്‍ത്താവിന്റെ നാമത്തില്‍
ഒരു സിദ്ദിഖ്-ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്.
കഥയ്ക്ക് യോജിച്ച ഒരു വീട് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അതിന്റെ അണിയറപ്രവര്‍ത്തകര്‍. കിട്ടുന്ന വീടൊന്നും സംവിധായകര്‍ക്ക് പറ്റുന്നില്ല, പറ്റുന്ന വീടൊന്നും കിട്ടുന്നുമില്ല.
അങ്ങനെയിരിക്കെയാണ് നല്ലൊരു വീട് പ്രൊഡക്ഷന്‍ മാനേജര്‍ കണ്ടു
പിടിച്ചത്. എല്ലാംകൊണ്ടും അനുയോജ്യം, പക്ഷേ, ഒരേയൊരു കുഴപ്പം മാത്രം. ഉടമസ്ഥന്‍ ഷൂട്ടിങ്ങിന് വീട് വിട്ടുകൊടുക്കില്ല.
'ചോദിക്കുന്ന കാശ് കൊടുക്കാമെന്ന് പറ' സിദ്ദിഖ് പറഞ്ഞു.
'അയാള്‍ക്ക് കാശിനോട് ഒരാര്‍ത്തിയുമില്ല. അത്രയും വലിയ കോടീശ്വരനല്ലേ... മാത്രമല്ല, അഞ്ചു മക്കള്‍ അമേരിക്കയിലും.' പ്രൊഡക്ഷന്‍ മാനേജര്‍ അറിയിച്ചു.
'എങ്കില്‍ സിനിമയില്‍ ചെറിയൊരു വേഷം കൊടുക്കാമെന്ന് പറ. അതില്‍ വീഴാത്തവരില്ല.' ലാലിന്റെ ഉപായം ഇതായിരുന്നു.
'സിനിമ എന്നു കേട്ടാലേ അയാള്‍ക്ക് കലിപ്പാണ്. ഇതുവരെ ഒറ്റ സിനിമ പോലും കണ്ടിട്ടില്ലത്രേ.'
ആ വഴിയും അടഞ്ഞു. ഇനിയെന്ത് വഴി?
'എല്ലാ മനുഷ്യര്‍ക്കും എന്തെങ്കിലും ദൗര്‍ബല്യങ്ങള്‍ കാണും. കള്ളു
കുടി, മറ്റ് വശപ്പിശകുകള്‍ അങ്ങനെയെന്തെങ്കിലും ഇയാള്‍ക്കുമുണ്ടോ?' ചോദ്യം കൊച്ചിന്‍ ഹനീഫയുടേതാണ്.
'നല്ല കാര്യമായി. 916 മാറ്റുള്ള സത്യകൃസ്ത്യാനിയാണയാള്‍. ബൈബിളും പള്ളിയും വിട്ടൊരു കളിയില്ല. കടുത്ത മതവിശ്വാസിയാണ് കക്ഷി. മതപരമായ കാര്യങ്ങള്‍ സംസാരിച്ച് മെരുക്കിയെടുത്താലേ കാര്യം നടക്കൂ...' പ്രൊഡക്ഷന്‍ മാനേജര്‍ അറിയിച്ചു.
'അത്രേയുള്ളോ കാര്യം? എങ്കില്‍ ഞാനേറ്റു.' കൊച്ചിന്‍ ഹനീഫ ചാടിയെണീറ്റു.
'അങ്ങനെയാണെങ്കില്‍ ലാല്‍ പോട്ടെ. ഒന്നുമില്ലെങ്കിലും ഒരു കൃസ്ത്യാനിയാണല്ലോ'. സിദ്ദിഖ് നിര്‍ദേശിച്ചു.
'ഛേ, എന്നെ അത്രയും വിശ്വാസമില്ലേ? ഞാന്‍ വേറൊരു നമ്പര്‍ കണ്ടുവെച്ചിട്ടാ പറയുന്നത്, ചുമ്മാതല്ല.' കൊച്ചിന്‍ ഹനീഫയുടെ ആത്മവിശ്വാസത്തിനു മുന്നില്‍ എല്ലാവരും കീഴടങ്ങി.
ഹനീഫയും സിദ്ദിഖും ലാലും ഉടന്‍ വീട്ടുടമസ്ഥനെ കാണാന്‍ പുറപ്പെട്ടു. മറ്റുള്ളവരെ കാറില്‍ ഇരുത്തി ഹനീഫ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല, ശരവേഗത്തില്‍ ഹനീഫ പുറത്തേക്ക് വന്ന് പറഞ്ഞു: 'അത് ശരിയാവൂല ആശാനേ, അയാള് പരമബോറനാ.'
അവസാന കൈയെന്ന നിലയ്ക്ക് ഒന്നു ശ്രമിച്ചുനോക്കാം എന്നു പറഞ്ഞുകൊണ്ട് സിദ്ദിഖും ലാലും വീട്ടുടമസ്ഥന്റെ മുന്നിലെത്തി. തങ്ങളുടെ അവസ്ഥ വിവരിച്ചു.
അപ്പോള്‍ വീട്ടുടമസ്ഥന്‍ അറിയിച്ചു:
'ഷൂട്ടിങ്ങിന് വീട് തന്നേക്കാമെന്ന് ഞാനേതാണ്ട് തീരുമാനിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ദേ ആ തടിയന്‍ കയറിവന്നത്. വന്നപാടെ അയാള്‍
ചെയ്തതെന്തെന്നോ, ദേ ഈ പടത്തിനു മുന്നില്‍ നിന്ന് കുരിശുവരച്ചു.'
സിദ്ദിഖും ലാലും അയാള്‍ ചൂണ്ടിക്കാട്ടിയ പടത്തിലേക്കുനോക്കി.
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ഒരു മുഴുനീള ചിത്രം! ടാഗോറിനെ യേശുക്രിസ്തുവായി ഹനീഫ തെറ്റിദ്ധരിച്ചതാണെന്ന് സിദ്ദിഖിനും ലാലിനും
മനസ്സിലായി.
അവര്‍ക്കെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പ് വീട്ടുടമസ്ഥന്‍ അറുത്തുമുറിച്ചു പറഞ്ഞു:
'ഇത്രയും കടുത്ത മതനിന്ദ കാണിച്ച നിങ്ങള്‍ക്ക് വീടുതരുന്ന പ്രശ്‌നമേയില്ല. നിങ്ങള്‍ക്ക് പോകാം...'